എസ്ഐയുടെ മൂക്കിന് ഇടി, കടിയും മാന്തും; മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച് നേപ്പാൾ സ്വദേശികൾ

കൊച്ചി ∙ അങ്കമാലി അയ്യമ്പുഴ കുറ്റിപ്പാറയിൽ സംശയാസ്‍പദമായ രീതിയിൽ കണ്ടത് ചോദ്യം ചെയ്തതിനു പൊലീസിനു നേരെ ആക്രമണം. സ്ത്രീ ഉൾപ്പെടുന്ന നേപ്പാൾ സ്വദേശികളായ രണ്ടു പേരാണ് മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ 4 പൊലീസുകാർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അയ്യമ്പുഴ വച്ച് വാഹനത്തിൽ വരികയായിരുന്ന നേപ്പാൾ സ്വദേശികളായ സ്ത്രീയെയും പുരഷനെയും തടഞ്ഞുനിർത്തി പൊലീസ് പരിശോധിച്ചിരുന്നു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവർ. തുടർന്ന് പൊലീസ് വാഹനത്തിലേക്കു കയറാൻ ആവശ്യപ്പെട്ടതോടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്ഐയുടെ മൂക്കിനാണ് ഇടിയേറ്റത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് കടിയും മാന്തും ഏറ്റിട്ടുണ്ട്. ഏറെക്കാലമായി ഇവിടെ താമസിക്കുന്നവരാണ് ഇരുവരുമെന്നാണ് വിവരം. സ്ത്രീ ചീനഞ്ചിറയിലെയും പുരുഷൻ മാണിക്യമംഗലത്തെയും പശു ഫാമിലെ ജോലിക്കാരാണ്.
Source link