LATEST NEWS

ഖേദം പ്രകടിപ്പിക്കാൻ സന്നദ്ധത അറിയിച്ചു; ഗോപാലകൃഷ്ണന്റെ വാദം പൊളിച്ച് ഒത്തുതീർപ്പ് രേഖ പുറത്ത്


കൊച്ചി∙ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും പി.കെ. ശ്രീമതിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് രേഖ പുറത്ത്. ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചെന്ന് ഒത്തുതീർപ്പ് രേഖയിൽ വ്യക്തമാണ്. തന്‍റെ ഔദാര്യമാണ് ഖേദ പ്രകടനം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. ഖേദം പ്രകടിപ്പിക്കാമെന്ന ധാരണയിലാണ് കേസ് അവസാനിച്ചതെന്ന് കോടതി രേഖയിൽ പറയുന്നുണ്ട്. ഗോപാലകൃഷ്ണന്‍റെ  വാദത്തോടും  ഫെയ്സ്ബുക്ക് പോസ്റ്റിനോടും തൽക്കാലം മറുപടിയില്ലെന്ന് പി.കെ.ശ്രീമതി പറഞ്ഞു. ഗോപാലകൃഷ്ണന്‍റെ  വാദങ്ങൾ തെറ്റാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ശ്രീമതി പറഞ്ഞു. പി.കെ.ശ്രീമതിയാണ് കോടതിയിൽ ഒത്തുതീർപ്പ് വ്യവസ്ഥ വച്ചത് എന്നും ഗോപാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ എഴുതിയിരുന്നു. മാധ്യമങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതും ശ്രീമതിയാണ്. ഇതൊന്നും അറിയാതെയാണ് സൈബർ ആക്രമണം തനിക്കെതിരെ നടന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. അപകീർത്തി കേസിൽ ഇന്നലെ ഹൈക്കോടതിയിൽ നേരിട്ടെത്തിയാണു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ മാപ്പു പറഞ്ഞതും മുന്‍ മന്ത്രി കൂടിയായ സിപിഎം നേതാവ് പി.കെ. ശ്രീമതി ഇത് സ്വീകരിച്ചതും. തനിക്കും കുടുംബത്തിനുമെതിരെ ചാനൽ ചർച്ചയിൽ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ ശ്രീമതി നൽകിയ പരാതിയിലായിരുന്നു കേസ്. മാനനഷ്ടക്കേസിൽ ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ എത്തി പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീർപ്പാവുകയായിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് മുൻപാകെ എത്തിയ ഗോപാലകൃഷ്ണൻ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു.


Source link

Related Articles

Back to top button