കത്വയിൽ കനത്ത ഏറ്റുമുട്ടൽ, മൂന്ന് പൊലീസുകാർക്ക് വീരമൃത്യു, മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്വയിൽ തുടരുന്ന ശക്തമായ ഏറ്റുമുട്ടലിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു. താരിഖ് അഹമ്മദ്, ജസ്വന്ദ് സിംഗ്, ബൽവീന്ദർ സിംഗ് എന്നീ പൊലീസുകാരാണ് വീരമൃത്യു വരിച്ചത്. സംയുക്ത സേന നടത്തിയ ചെറുത്തുനിൽപ്പിൽ മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം. അഞ്ച് പൊലീസുകാർക്കാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റത്. ഇവരിൽ ചിലരുടെ നില ഗുരുതരമെന്ന് മുൻപ് റിപ്പോർട്ട് വന്നിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി മേഖലയിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ നടന്നുവരികയാണ്. രാജ്ബാഗിലെ ജാഖോലെയിൽ സുരക്ഷാസേന ഭീകരരെ കണ്ടതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഞായറാഴ്ച രാവിലെ,ഹിര നഗറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സുരക്ഷാസേന ഭീകരരെ കണ്ടെത്തിയിരുന്നു. അതേസമയം,പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും സ്ഥലത്ത് വെടിവയ്പ്പ് തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഞായറാഴ്ച സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ അതേ സംഘമാണെന്നാണ് നിഗമനം. ഈ സംഭവത്തിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു.
Source link