‘സിനിമ സിനിമയുടെ വഴിക്കു പോകും, ഒരു സിനിമയും ബിജെപിക്കു പ്രശ്‌നമല്ല’; ശൈലീമാറ്റത്തിന്റെ സൂചന നൽകി വാർത്താസമ്മേളനം

തിരുവനന്തപുരം∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് സംസ്ഥാനത്ത് വന്‍ പ്രചാരണ പരിപാടികള്‍ നടത്താനൊരുങ്ങി ബിജെപി. കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകളും കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന പ്രചാരണവും തുറന്നുകാട്ടാനുള്ള പരിപാടികള്‍ ഊര്‍ജിതമാക്കുമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍, സെക്രട്ടറി എസ്. സുരേഷ് എന്നിവര്‍ പറഞ്ഞു. യോഗശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്താതിരുന്നത് കെ. സുരേന്ദ്രന്‍ കാലത്തില്‍നിന്നുള്ള ശൈലീമാറ്റത്തിന്റെ സൂചനയായി. സംസ്ഥാനസര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം വച്ച് കേന്ദ്രപദ്ധതികള്‍ ഫലപ്രദമായി സംസ്ഥാനത്തു നടപ്പാക്കാന്‍ തയാറാകുന്നില്ലെന്നും അതിന്റെ ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുകയാണെന്നും പി.സുധീര്‍ പറഞ്ഞു. ജനോപകാരപ്രദമായ നൂറു കണക്കിന് പദ്ധതികളാണ് കേന്ദ്രം നടപ്പാക്കുന്നത്. എന്നാല്‍ അതിന്റെ ഗുണഫലം സംസ്ഥാനത്തെ അര്‍ഹരായ ജനങ്ങള്‍ക്കു കൃത്യമായി ലഭിക്കുന്നില്ല. രാഷ്ട്രീയവൈരാഗ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രപദ്ധതികളുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുകയാണ്. ബൂത്ത് തലത്തില്‍ പദ്ധതികളുടെ പ്രചാരണപ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും ശക്തമാക്കും. ബിജെപി പ്രവര്‍ത്തകരുടെ ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതുമാറും. 30 ജില്ലാ കമ്മിറ്റി ഓഫിസുകളില്‍ ഏപ്രില്‍ 15ന് മുന്‍പ് ഇതിനായി ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്നും സുധീര്‍ പറഞ്ഞു. കേന്ദ്രം കേരളത്തെ അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നിരന്തരം പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നു സുധീര്‍ ആരോപിച്ചു. ചരിത്രത്തില്‍ ഉണ്ടാകാത്ത തരത്തിലാണ് കേന്ദ്രം കേരളത്തിനു ഫണ്ട് നല്‍കിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഉള്‍പ്പെടെ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നതു ബിജെപി തുറന്നുകാട്ടും. ലഘുലേഖകള്‍ തയറാക്കി പ്രവര്‍ത്തകര്‍ വീടുകളെത്തി കാര്യങ്ങള്‍ വിദശീകരിക്കുമെന്നും സുധീര്‍ പറഞ്ഞു.
Source link