തീരുവ യുദ്ധത്തിൽ യുഎസിന്റെ പുതിയ ‘ട്രംപ് കാർഡ്’ ഇന്ത്യയെ ബാധിക്കുമോ? തിരിച്ചടിയെന്ന് മസ്ക്

വാഷിങ്ടൻ∙ ലോകമാകെ വാഹന നിർമാണ വ്യവസായമേഖലയിൽ ആശങ്ക പരത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം. യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും അനുബന്ധ ഘടകങ്ങൾക്കും 25 ശതമാനം തീരുവ ചുമത്താനാണ് തീരുമാനം. വാഹനങ്ങളുടെ ഇറക്കുമതിക്കുള്ള തീരുവ ഏപ്രിൽ 2ന് പ്രാബല്യത്തിൽ വരും. വാഹന ഘടക ഇറക്കുമതിക്ക് മേയ് മുതലാകും ബാധകമാകുക. ആഗോള കാർ വ്യവസായത്തിനും, വിതരണ ശൃംഖലയ്ക്കും ഈ തീരുമാനം വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കും. യുഎസിലെ വാഹന വ്യവസായത്തിന് പുതിയ തീരുമാനം ഊർജമേകുമെന്നും തൊഴിലും നിക്ഷേപവും വർധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. രാജ്യത്ത് ഫാക്ടറി തുടങ്ങിയാൽ തീരുവ ഒഴിവാക്കിത്തരാമെന്നാണ് വാഗ്ദാനം. അതേസമയം, യുഎസിലെ വാഹന ഉൽപാദന രംഗത്ത് വലിയ തിരിച്ചടികൾക്ക് ഇതു കാരണമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇറക്കുമതി ചെയ്യുന്ന സ്പെയർ പാർട്സുകളുടെ തീരുവ കൂടുന്നതോടെ യുഎസിലെ കാർ ഉൽപാദനവും ചെലവേറിയതാകും. ഇത് കാർ വിപണിയിൽ വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള സ്പെയർ പാർട്സിന് തീരുവ ഉയർത്തിയാൽ തന്നെ യുഎസിൽ 4000 മുതൽ 10000 ഡോളർ വരെ കാറുകൾക്ക് വില കൂടിയേക്കാം.
Source link