നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മേയ് മാസത്തിൽ? ഒരുക്കങ്ങൾ ആരംഭിക്കാൻ നിർദേശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: പിവി അൻവർ രാജിവച്ച നിലമ്പൂർ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതികൾ പരിഹരിച്ച് അന്തിമ വോട്ടർ പട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദേശം നൽകി. നിലമ്പൂരടക്കം രാജ്യത്തെ ആറിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയിരിക്കുന്നത്. ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മേയിൽ ഉണ്ടാകുമോ എന്ന സംശയം ഉയരുകയാണ്.
ഉപതിരഞ്ഞെടുപ്പ് തീയതി അടുത്ത ആഴ്‌ച പ്രഖ്യാപിച്ചേക്കും. കോൺഗ്രസ് എപി അനിൽകുമാറിനും സിപിഎം എം സ്വരാജിനും തിരഞ്ഞെടുപ്പ് ചുമതല നൽകിയതോടെ നിലമ്പൂർ മണ്ഡലത്തിൽ രാഷ്‌ട്രീയ പാർട്ടികളുടെ ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. കോൺഗ്രസിൽ നിന്ന് വിഎസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. സിപിഎം ടികെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനാണ് സാദ്ധ്യത.
നിയമസഭയുടെ കാലാവധി തീരും മുമ്പ് മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും എന്ന സാഹചര്യത്തിലാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജി വച്ചത്. നിലമ്പൂരിൽ ജയിപ്പിച്ച ജനങ്ങൾക്കും ഒപ്പം നിന്ന ഇടതുപക്ഷ നേതാക്കൾക്കും നന്ദി പറഞ്ഞ അൻവർ, ഇനി ഒരിക്കലും നിലമ്പൂരിൽ നിന്ന് മത്സരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. ശേഷം തൃണമൂൽ കോൺഗ്രസിൽ അംഗത്വം സ്വീകരിച്ച അദ്ദേഹം ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’ എന്ന പാർട്ടിയും രൂപീകരിച്ചു.
Source link