ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനങ്ങൾ കാര്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യാന്തര തലത്തിൽ ഇതു പതിവായി ചർച്ച ചെയ്യാറുണ്ടെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പാർലമെന്റിൽ പറഞ്ഞു. കഴിഞ്ഞ മാസം മാത്രം പാക്കിസ്ഥാനിൽ ഹിന്ദു സമൂഹത്തിനെതിരെ 10 അതിക്രമ കേസുകളും സിഖ് സമൂഹത്തിനെതിരെ മൂന്നു കേസുകളും അഹ്മദിയ സമുദായത്തിനെതിരെ രണ്ടു കേസുകളും മാനസിക വെല്ലുവിളി നേരിടുന്ന ഒരു ക്രിസ്ത്യാനിക്കെതിരെയും ദൈവനിന്ദ കുറ്റം ചുമത്തിയതായാണ് മന്ത്രി അറിയിച്ചത്.‘‘പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യുന്നുമുണ്ട്’’ – ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽനിന്നുള്ള ബിജെപി എംപി അരുൺ കുമാർ സാഗർ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി ജയ്ശങ്കർ പറഞ്ഞു. പാക്കിസ്ഥാനിൽ ഫെബ്രുവരിയിൽ മാത്രം ഹിന്ദുക്കൾക്കെതിരായ പത്ത് അതിക്രമ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നു വിവരങ്ങൾ വെളിപ്പെടുത്തി മന്ത്രി പറഞ്ഞു. അവയിൽ ഏഴെണ്ണം തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം എന്നിവയുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടതും ഒന്ന് ഹോളി ആഘോഷിച്ച വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ടതുമാണ്.‘‘പാക്കിസ്ഥാനിലെ സിഖ് സമൂഹവുമായി ബന്ധപ്പെട്ടു മൂന്നു സംഭവങ്ങളുണ്ടായി. ഒരു കേസിൽ സിഖ് കുടുംബം ആക്രമിക്കപ്പെട്ടു. മറ്റൊരു കേസിൽ ഒരു പഴയ ഗുരുദ്വാര വീണ്ടും തുറന്നതിന്റെ പേരിൽ സിഖ് കുടുംബത്തെ ഭീഷണിപ്പെടുത്തി, ആ സമുദായത്തിലെ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയ സംഭവവും ഉണ്ടായി.’’ – കേന്ദ്രമന്ത്രി പറഞ്ഞു.കഴിഞ്ഞ മാസം പാക്കിസ്ഥാനിൽ അഹമ്മദീയ സമൂഹവുമായി ബന്ധപ്പെട്ട രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. ഒരു കേസിൽ പള്ളി അടച്ചുപൂട്ടി, മറ്റൊരു കേസിൽ 40 ശവക്കല്ലറകൾ അശുദ്ധമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ക്രിസ്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട ഒരു കേസിൽ മാനസികമായി അസ്ഥിരനാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ക്രിസ്ത്യൻ വ്യക്തിക്കെതിരെ ദൈവനിന്ദ കുറ്റം ചുമത്തിയതായും മന്ത്രി പറഞ്ഞു.
Source link
തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം: പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനം തുടരുന്നെന്ന് വിദേശകാര്യമന്ത്രി
