LATEST NEWS

സ്റ്റാർ ഇല്ലെങ്കിലും ബാർ ലൈസൻസ്: സിപിഎം നേതാക്കള്‍ ലക്ഷ്യമിടുന്നത് അനധികൃത പണപ്പിരിവെന്ന് വി.ഡി.സതീശൻ


തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിലൂടെ ആസൂത്രിതമായി അഴിമതി നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പണപ്പിരിവാണ് സിപിഎം നേതാക്കള്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പാര്‍ട്ടിയുടെ കൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യ നയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്സൈസ് മന്ത്രി ന്യായീകരിക്കുന്നത്. ക്ലാസിഫിക്കേഷന്‍ പരിശോധന കൃത്യസമയത്തു നടത്താത്തത് കേന്ദ്രത്തിന്റെ കുറ്റമാണെന്നും ലൈസന്‍സ് പുതുക്കി നല്‍കുമെന്നും പറയുന്നതിലൂടെ ഒരു നിയന്ത്രണങ്ങളും ഇല്ലാതെ സംസ്ഥാനത്ത് മദ്യം ഒഴുക്കുമെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. മനഃപൂര്‍വം പരിശോധന വൈകിപ്പിക്കുന്ന 23 ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നാണ് എക്സൈസ് കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അതിന് വിരുദ്ധമായ നിലപടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അഴിമതി മാത്രം ലക്ഷ്യമിട്ട് കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നിയമവിരുദ്ധ നടപടികളില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണം. സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്കും ബാറുകള്‍ അനുവദിച്ചാണോ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യവര്‍ജ്ജനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അഴിമതിയുടെ കേന്ദ്രമായി എക്സൈസ് വകുപ്പ് മാറിയിരിക്കുകയാണ്. എക്സൈസ് വകുപ്പ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികളെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.


Source link

Related Articles

Back to top button