മലയാളത്തിന്റെ ഹോളിവുഡ് എമ്പുരാൻ

തിരുവനന്തപുരം: ഇന്ത്യൻ സിനിമയ്ക്ക് മലയാളത്തിൽ നിന്നൊരു ഹോളിവുഡ് സിനിമ… അങ്ങനെ വിശേഷിപ്പിക്കാം മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പിറന്ന ‘എമ്പുരാനെ”. ലൂസിഫർ എന്ന ചിത്രത്തിൽ നിന്ന് അഞ്ചു വർഷത്തെ ദൂരമുണ്ട് എമ്പുരാനിലേക്ക്. ആ അഞ്ചു വർഷത്തെ പൃഥ്വിരാജ് സുകുമാരന്റെ പരിശ്രമം ഓരോ ഫ്രെയിമിലും കാണാം.
ഖുറേഷി അബ്രാമിനേയും സയ്ദ് മസൂദിനേയും ചുറ്റിപ്പറ്റിയുള്ള നിഗൂഢമായ ലോകത്തേക്കാണ് എമ്പുരാൻ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. കൂടാതെ കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെയും വരച്ചുകാട്ടുന്നു. ലൂസിഫറിൽ ജതിൻ രാംദാസായി ടൊവിനോ തോമസ് നിറഞ്ഞതിനെക്കാൾ രണ്ടിരട്ടി എമ്പുരാനിൽ പ്രിയ എന്ന കഥാപാത്രത്തിലൂടെ മഞ്ജുവാര്യർ നിറഞ്ഞുനിൽക്കുന്നു. ഇന്ദ്രജിത്ത്,ബൈജു,സായി കുമാർ,ഫാസിൽ,നന്ദു,നൈല ഉഷ, സുരാജ് വെഞ്ഞാറമൂട്, അന്യഭാഷാ നടന്മാരായ അഭിമന്യു സിംഗ്,സത്യജിത്ത് ശർമ എന്നിവർ അവരുടെ കഥാപാത്രങ്ങൾ മനോഹരമാക്കി. ഗെയിം ഒഫ് ത്രോൺസിലെ ജെറോം ഫ്ലൈനും ഹോളിവുഡ് താരം ആൻഡ്രിയ ടിവ്ഡാറും ഗംഭീര പ്രകടനം കാഴ്ചവച്ചു. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയും സംഭാഷണവും തന്നെയാണ് എമ്പുരാനെ വേറിട്ടുനിറുത്തുന്നത്. കൂടെ ദീപക്ക് ദേവിന്റെ സംഗീതവും കൂടി ചേർന്നപ്പോൾ കഥയ്ക്കും കഥാപാത്രങ്ങൾക്കും മൂർച്ച കൂടി.
സുജിത് വാസുദേവിന്റെ ഛായാഗ്രഹണം ലൂസിഫറിനെക്കാൾ മികച്ചുനിന്നു. ലൈക്ക പ്രൊഡക്ഷൻസും ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി മൂന്നാം ഭാഗത്തിന്റെ അറിയിപ്പോടെയാണ് സിനിമ അവസാനിക്കുന്നത്. കൂടെ ഖുറേഷി അബ്രാമിന്റെ പ്രധാന എതിരാളിയുടെ കടന്നുവരവും.
മോഹൻലാൽ എന്ന നടന്റെ സ്റ്റാർഡം പൂർണമായും എമ്പുരാനിൽ പൃഥ്വിരാജ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
Source link