KERALAM

പതിമൂന്നുകാരനെ കാണാതായിട്ട് അഞ്ച് ദിവസം; ഹോസ്റ്റലിൽ നിന്ന് പുറത്തുകടന്നത് അതിസാഹസികമായി

കോഴിക്കോട്: വേദ വ്യാസ സൈനിക സ്‌കൂൾ വിദ്യാർത്ഥിയായ പതിമൂന്നുകാരനെ കാണാതായിട്ട് അഞ്ച് ദിവസം. ബീഹാർ സ്വദേശി സൻസ്‌കാർ കുമാറിനെയാണ് കാണാതായത്. സ്കൂളിന് തൊട്ടടുത്തുള്ള ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്ന് അതിസാഹസികമായിട്ടാണ് കുട്ടി പുറത്തുകടന്നത്. സൻസ്‌കാർ ഇരുപത്തിരണ്ടാം തീയതി രാത്രിവരെ മറ്റ് കുട്ടികൾക്കൊപ്പമുണ്ടായിരുന്നു. പുലർച്ചെ ഒരുമണിയോടെ കുട്ടി ഹോസ്റ്റലിൽ നിന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മൂന്ന് മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി. പുലർച്ചെ ആറ് മണിയോടെ പാലക്കാടെത്തി. അവിടെ നിന്ന് എവിടേക്ക് പോയെന്നറിയില്ല.

നേരത്തെ പൂനെയിൽ പോകുന്ന കാര്യം കുട്ടി സഹപാഠികളോട് പറഞ്ഞിരുന്നു. അവിടെ ബന്ധുക്കളുണ്ടെന്നൊക്കെയായിരുന്നു പറഞ്ഞത്. എന്നാൽ അവിടെ കുട്ടിയ്ക്ക് ബന്ധുക്കളൊന്നുമില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കുട്ടി എവിടെ പോയെന്ന് രക്ഷിതാക്കൾക്കും അറിയില്ല. കഴിഞ്ഞ വർഷമാണ് കുട്ടി വേദ വ്യാസ സൈനിക സ്‌കൂളിലെത്തിയത്. കുട്ടിയുടെ കൈവശം രണ്ടായിരം രൂപയോളം ഉണ്ടായിരുന്നുവെന്നാണ് വിവരം. മൊബൈൽ കൈയിലില്ല.


Source link

Related Articles

Back to top button