അമിത് ഷായ്ക്കെതിരായ കോണ്‍ഗ്രസിന്റെ പ്രമേയം രാജ്യസഭാധ്യക്ഷൻ തള്ളി

ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ കോണ്‍ഗ്രസിന്റെ അവകാശലംഘന പ്രമേയം രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ തള്ളി. യുപിഎ സർക്കാരിന്റെ കാലത്ത് ഒരു കുടുംബമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് നിയന്ത്രിച്ചിരുന്നതെന്ന ഷായുടെ ആരോപണം രാജ്യസഭാംഗമായ സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ജയ്റാം രമേശ് നൽകിയ നോട്ടീസാണു ധൻകർ നിരസിച്ചത്. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയിൽ ഒരു നിയമലംഘനവുമില്ലെന്ന് കേന്ദ്രസർക്കാരിന്റെ 1948ലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) രേഖ ഉദ്ധരിച്ചാണ് രാജ്യസഭാ ചെയർമാൻ വ്യക്തമാക്കിയത്. രേഖ പരിശോധിച്ചു, ഒരു ലംഘനവുമില്ല.
ആളുകളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ അവകാശലംഘന നോട്ടീസുകൾ ഉപയോഗിക്കുന്നതും മാധ്യമങ്ങളിലേക്ക് ഓടിക്കയറി പ്രചാരണം നൽകുന്നതും വേദനാജനകമാണെന്ന് ധൻകർ പറഞ്ഞു. വ്യക്തികളുടെ സൽപ്പേര് സംരക്ഷിക്കേണ്ടതുണ്ട്. സൽപ്പേര് നശിപ്പിക്കുന്നതിനുള്ള വേദിയായി പാർലമെന്റിനെ മാറ്റരുതെന്നും ചെയർമാൻ നിർദേശിച്ചു.
Source link