ഉറങ്ങാൻ പോലും സാധിക്കുന്നില്ല, ലൈറ്റിട്ടാൽ പണി കിട്ടും; കൊച്ചിക്കാർ അനുഭവിക്കുന്നത്

കോലഞ്ചേരി: വേനൽ മഴ പെയ്തൊഴിഞ്ഞതോടെ റബർ തോട്ട മേഖലയിൽ മുപ്ലിവണ്ടുകൾ കീഴടക്കുന്നു. വൈകുന്നേരമായാൽ വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കുന്നില്ല. ഭക്ഷണത്തിലടക്കം വണ്ടുകൾ പൊഴിഞ്ഞു വീഴുന്നു.
വേനൽമഴ തുടങ്ങിയതിന് ശേഷമാണ് ഇവയുടെ ആക്രമണം രൂക്ഷമായത്. വീടുകളിലേക്കുള്ള നൂറു കണക്കിന് വണ്ടുകളുടെ ഇരച്ചുകയറ്റവും വീടുകൾക്കുള്ളിലുള്ള ഇവയുടെ രാത്രികാല സഞ്ചാരവും മനുഷ്യജീവിതം ദുസഹമാക്കുന്നു.
റബറിന്റെ വീണു കിടക്കുന്ന വാടിയ തളിരിലകളാണ് വണ്ടുകളുടെ ഇഷ്ടഭക്ഷണം. റബർ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ. ചൂടിനെ പേടിയാണെങ്കിലും വെളിച്ചമാണ് വണ്ടുകൾക്ക് പ്രിയം. വെളിച്ചം കടക്കുന്നിടത്തെല്ലാം വണ്ടുകൾ കൂട്ടമായി എത്തും.
മുപ്ളി വണ്ട് ചില്ലറക്കാരനല്ല
മുപ്ലി വണ്ടിന്റെ വിസർജ്യം തൊലിപ്പുറത്തു ചൊറിച്ചിലും പൊള്ളലുമുണ്ടാക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂക്കടപ്പ്, തുമ്മൽ, അസഹ്യമായ കണ്ണു ചൊറിച്ചിലുമെല്ലാം അനുഭവപ്പെടാം.
രക്ഷനേടാൻ സെൻട്രി, മണ്ണെണ്ണ
വണ്ടുകൾ കൂട്ടമായി കാണുന്ന ഭാഗത്ത് മണ്ണെണ്ണ സ്പ്രെ ചെയ്തായിരുന്നു നശിപ്പിച്ചിരുന്നത്. മണ്ണെണ്ണയുടെ രൂക്ഷ ഗന്ധം വീടുകളിൽ തങ്ങി നിൽകുമെന്നതിനാൽ പലരും ഇത് ഉപയോഗിക്കാറില്ല.
നിലവിൽ വളം കീടനാശിനിക്കടകളിൽ കിട്ടുന്ന സെൻട്രി എന്ന കീടനാശിനി കൊണ്ടു ഫലപ്രദമായി നേരിടാമെന്ന് വണ്ട് ഭീഷണി മേഖലയിലുള്ളവർ പറയുന്നു. ഇതൊരു വെളുത്ത പൊടിയാണ്. ഒരു ലിറ്റർ വെള്ളത്തിൽ നാലു ഗ്രാം എന്ന കണക്കിൽ കലക്കി ചുവരിലും പറ്റിയിരിക്കുന്ന വിടവുകളിലും കടന്നു വരുന്ന ഇടങ്ങളിലും സ്‌പ്രെ ചെയ്താൽ പൂർണമായും നശിച്ചു പോകും തുടർന്നു വരുന്നവയും നശിക്കും. ഹംല 50യും ഫലപ്രദമാണ്.
Source link