‘ആറു പേർ ലൈംഗികമായി ഉപദ്രവിച്ചു’; കുട്ടിക്കാലത്തെ ദുരനുഭവം വെളിപ്പെടുത്തി വരലക്ഷ്മി ശരത് കുമാർ

ചെന്നൈ∙ കുട്ടിക്കാലത്ത് താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് തമിഴ്–തെലുങ്കു നടി വരലക്ഷ്മി ശരത് കുമാർ. അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു തമിഴ് ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. വരലക്ഷ്മി വിധികർത്താവായി എത്തിയ എത്തിയ ഡാൻസ് ഷോയിൽ കെമിയെന്ന മത്സരാർഥിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു നടി തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. കെമിക്കും വീട്ടിൽനിന്ന് ദുരനുഭവം നേരിടേണ്ടി വന്നു എന്നു പറഞ്ഞപ്പോഴാണ് സമാനമായ അനുഭവം തനിക്കും നേരിടേണ്ടി വന്നു എന്ന് വരലക്ഷ്മി വ്യക്തമാക്കിയത്.മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ തന്നെ മറ്റുള്ളവരുടെ അടുത്താക്കിയാണ് പോകാറുള്ളതെന്നും ആ സമയത്ത് അഞ്ചാറു പേർ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും വരലക്ഷ്മി പറഞ്ഞു. നടി സംസാരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എനിക്ക് മക്കളില്ല, എന്നാൽ ഗുഡ് ടച്ചിനെക്കുറിച്ചും ബാഡ് ടച്ചിനെ കുറിച്ചും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്ന് മാതാപിതാക്കളോട് താൻ പറയാറുണ്ടെന്നും നടി പറഞ്ഞു. നടൻ ശരത് കുമാറിന്റെയും ഛായയുടെയും മകളാണ് വരലക്ഷ്മി ശരത്കുമാർ.
Source link