ആശ നൽകി പ്രതിപക്ഷം; കോൺഗ്രസ് പഞ്ചായത്തുകളിൽ ആശമാർക്ക് അധിക വേതനം, ബിജെപി ഭരിക്കുന്ന മുത്തോലിയിലും പ്രഖ്യാപനം


കോട്ടയം∙ ആശാവർക്കർമാരുടെ സമരം 46 ദിവസം പിന്നിടുമ്പോൾ ആശാവർക്കർമാർക്ക് അധിക വേതനം പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ. കണ്ണൂർ കോർപറേഷനും ആറ് നഗരസഭകളും എലപ്പുള്ളി പഞ്ചായത്തുമാണ് ആശാവർക്കർമാർക്ക് ബജറ്റിൽ തുക വകയിരുത്തിയത്. പ്രതിമാസം 7000 രൂപ അധികം നൽകാൻ ബിജെപി ഭരിക്കുന്ന മുത്തോലി ഗ്രാമ പഞ്ചായത്തും തീരുമാനിച്ചു. തൃശൂരിലെ പഴയന്നൂർ, പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തുകളാണ് ആദ്യം അധിക ധനസഹായം നൽകാൻ ബജറ്റിൽ തുക വകയിരുത്തിയത്. ഇതിനു പിന്നാലെയാണു പാലക്കാട് എലപ്പുള്ളി പഞ്ചായത്തും ആറ് നഗരസഭകളും കണ്ണൂർ കോ‍ർപറേഷനും സമാനമായ തീരുമാനമെടുത്തത്. ആശാവർക്കർമാർക്കു പ്രതിമാസം 2000 രൂപ അധിക വേതനം നൽകാനാണ് യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷന്റെ തീരുമാനം. വാർഷിക ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. ആശമാർക്കായി പ്രതിവർഷം മൂന്ന് കോടി എഴുപത്തിരണ്ടായിരം രൂപ അധികവേതനം നൽകാൻ നീക്കിവയ്ക്കേണ്ടി വരും. ആശാവർക്കർമാർക്ക് അധിക വേതനം നൽകുന്നത് പരിഗണിക്കണമെന്ന് കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് കെപിസിസി നിർദേശം നൽകിയിരുന്നു. എലപ്പുള്ളി പഞ്ചായത്ത് പ്രതിമാസം 1000 രൂപയാണ് ആശാവർക്കർമാർക്ക് അധിക വേതനം നൽകുക. എലപ്പുള്ളി പഞ്ചായത്തിൽ 33 ആശാവർക്കർമാരുണ്ട്. ഇവർക്ക് സഹായം നൽകാൻ 396 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തും. കോട്ടയം നഗരസഭയിലെ ആശാവർക്കർമാർക്ക് പ്രതിമാസം 2000 രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. മണ്ണാർക്കാട് നഗരസഭ 2,100 രൂപ പ്രതിമാസം നൽകും. ആശാ പ്രവർത്തകർക്ക് പ്രതിമാസം 2000 രൂപയാണ് പെരുമ്പാവൂർ നഗരസഭ അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷം മുതൽ അധിക ഓണറേറിയം ലഭിക്കും. ഇതിനായി ആറര ലക്ഷം രൂപ നീക്കിവയ്ക്കാനാണ് തീരുമാനം. പെരുമ്പാവൂർ നഗരസഭയിൽ ആകെ 27 ആശാപ്രവർത്തകരാണ് ഉള്ളത്.


Source link

Exit mobile version