അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി, രഹ്‌ന ഫാത്തിമയ്ക്കെതിരായ കേസിൽ തുടർനടപടികൾ നിർത്തിവച്ചു

പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയ്ക്കെതിരായ കേസിലെ തുടർനടപടികൾ നിർത്തിവച്ച് പൊലീസ്. ഫേസ്‌ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവച്ചത്. 2018ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകുമെന്നും ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങൾക്കിടെ രഹ്‌ന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് രാധാകൃഷ്ണ മേനോൻ പരാതിയുമായി രംഗത്തെത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹ്‌ന ഫാത്തിമ ചിത്രം പങ്കുവച്ചതെന്നായിരുന്നു രാധാകൃഷ്ണ മേനോന്റെ പരാതി. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദർശിക്കാൻ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹ്‌ന ഫാത്തിമ ശ്രദ്ധ നേടിയിരുന്നു. ഇവർ ക്ഷേത്രത്തിന് മുന്നിലെ നടപന്തലിൽ എത്തിയെങ്കിലും ഭക്തരുടെ കടുത്ത പ്രതിഷേധത്തെ കാരണം മടങ്ങേണ്ട അവസ്ഥ വന്നിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് രഹ്‌ന ഫാത്തിമയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുമുൻപും രഹ്‌ന ഫാത്തിമ വിവാദങ്ങളിൽപ്പെട്ടിരുന്നു. ഒരു പാചക പരിപാടിയിൽ നടത്തിയ പരാമർശമാണ് വിവാദത്തിലേക്കെത്തിച്ചത്. ബീഫ് ഫ്രൈ തയ്യാറാക്കുന്ന വീഡിയോയിൽ ഗോമാതാ ഫ്രൈ എന്ന് പരാമർശം നടത്തിയിരുന്നു. ഇതിനെതിരെ രഹ്‌ന ഫാത്തിമയ്ക്കെതിരെ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. കുട്ടികളെ കൊണ്ട് ശരീരത്തിൽ പെയിന്റിംഗ് ചെയ്യിപ്പിച്ച വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലും രഹ്‌ന ഫാത്തിമയ്ക്കെതിരെ കേസെടുത്തിരുന്നു.
Source link