രണ്ടു വട്ടം സമൻസ്, ഹാജരാകാതെ കുനാൽ കമ്ര; ബിജെപിയുടെ അവകാശലംഘനം നോട്ടിസ് അംഗീകരിച്ച് നിയമസഭ

മുംബൈ∙ ഹാസ്യ പരിപാടിക്കിടെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ വഞ്ചകനെന്ന് പരിഹസിച്ച് പാരഡി ഗാനം ആലപിച്ച കേസിൽ കൊമീഡിയൻ കുനാൽ കമ്രയ്ക്കെതിരെ അവകാശലംഘനത്തിന് ബിജെപി ജനപ്രതിനിധി നൽകിയ നോട്ടിസ് നിയമസഭാ കൗൺസിൽ അധ്യക്ഷൻ അംഗീകരിച്ചു. കമ്രയെ പിന്തുണച്ചു സംസാരിച്ച ശിവസേനാ ഉദ്ധവ് വിഭാഗം വക്താവ് സുഷമ അന്ധാരെയ്ക്കെതിരായ അവകാശലംഘന നോട്ടിസും നിയമസഭാ കൗൺസിൽ അംഗീകരിച്ചു. തുടർ നടപടികൾക്കായി പ്രിവ്‌ലിജ് കമ്മിറ്റിക്ക് നോട്ടിസ് കൈമാറിയതായി കൗൺസിൽ ചെയർമാൻ രാം ഷിൻഡെ വ്യക്തമാക്കി.ഷിൻഡെയോടു മാപ്പു പറയാൻ മുഖ്യമന്ത്രി ഫഡ്നാവിസ് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുനാൽ കമ്ര അതു തള്ളിയതോടെയാണ് എൻഡിഎ പുതിയ നീക്കവുമായി രംഗത്തെത്തിയത്. ഷിൻഡെയെ പേരെടുത്തു പറയാതെ ഓട്ടോ ഡ്രൈവർ, കണ്ണടധാരി, താടിയുള്ളയാൾ, ശിവസേനയെ പിളർത്തി ബിജെപി ക്യാംപിൽ എത്തിച്ചയാൾ തുടങ്ങിയ വിശേഷണങ്ങളാണ് പാരഡി ഗാനത്തിൽ കമ്ര ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ രോഷാകുലരായ ഷിൻഡെയുടെ അണികൾ, പരിപാടി നടന്ന ഖാർ റോഡിലെ സ്റ്റുഡിയോ അടിച്ചുതകർത്തിരുന്നു. പൊലീസ് രണ്ടു വട്ടം സമൻസ് നൽകിയിട്ടും കമ്ര ഹാജരായിട്ടില്ല. പുതുച്ചേരിയിലാണ് അദ്ദേഹം ഉള്ളതെന്നാണ് സമൂഹമാധ്യമ അക്കൗണ്ടിൽനിന്നു ലഭിക്കുന്ന സൂചന.
Source link