BUSINESS

GOLD BREAKS RECORD ട്രംപിന്റെ ‘ചുങ്കക്കലിയിൽ’ തീപിടിച്ച് സ്വർണവില; കേരളത്തിലും സർവകാല റെക്കോർഡ്, പണിക്കൂലിയടക്കം വില ഇങ്ങനെ


ആഗോള വ്യാപാര, നയതന്ത്ര ബന്ധങ്ങളെ താറുമാറാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തുടക്കമിട്ട താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ഉയരത്തിലേക്ക് കത്തിക്കയറി രാജ്യാന്തര സ്വർണവില. ഔൺസിന് ഒറ്റയടിക്ക് 40 ഡോളറിലധികം മുന്നേറി വില 3,076.71 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച കുറിച്ച 3,058 ഡോളർ എന്ന റെക്കോർഡ് മറക്കാം.രാജ്യാന്തര വിപണിയുടെ ആവേശം കേരളത്തിലും ആഞ്ഞടിച്ചു. ഗ്രാമിന് 105 രൂപ ഉയർന്ന് വില 8,340 രൂപയും പവന് 840 രൂപ വർധിച്ച് 66,720 രൂപയുമായി. രണ്ടും ചരിത്രത്തിലെ ഏറ്റവും ഉയരം. ഈമാസം 20ന് കുറിച്ച ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയും എന്ന റെക്കോർഡ് തകർന്നു. 18 കാരറ്റിനും വെള്ളിക്കും വില കുത്തനെ കൂടിയിട്ടുണ്ട്. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റിന് ഗ്രാമിന് 85 രൂപ ഒറ്റയടിക്ക് കൂടി വില റെക്കോർഡ് 6,885 രൂപയായി. വെള്ളിക്കു ഗ്രാമിന് ഒരു രൂപ ഉയർന്ന് 111 രൂപ. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരവും 18 കാരറ്റിനു ഗ്രാമിന് 85 രൂപ ഉയർന്നെങ്കിലും വില 6,840 രൂപയാണ്. അതേസമയം, വെള്ളിക്ക് ഗ്രാമിന് മൂന്നു രൂപ കയറി 112 രൂപയായി.


Source link

Related Articles

Back to top button