ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ല് ലോക്സഭയിൽ പാസാക്കി

ന്യൂഡൽഹി: ഭരണഘടനാവിരുദ്ധമെന്ന് പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചെങ്കിലും ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ല് കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കി. ഇന്ത്യയിലേക്കുള്ള കുടിയേറ്റ നടപടിക്രമങ്ങൾ നിയന്ത്രിക്കുക, ദേശീയസുരക്ഷ വർധിപ്പിക്കുക, താമസവ്യവസ്ഥകൾ ലംഘിക്കുന്ന വിദേശികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് ബില്ല് ലക്ഷ്യം വയ്ക്കുന്നതെന്ന് ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയിലേക്ക് വരുന്ന വിദേശികളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നവർ കർശന നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യം രാജ്യ സുരക്ഷ രാജ്യത്തിന്റെ സുരക്ഷയും സന്പദ്വ്യവസ്ഥയും ശക്തിപ്പെടുത്തുന്നതിനും ഉത്പാദനവും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനും ബില്ല് ആവശ്യമാണ്. ഇതോടൊപ്പം വിദ്യാഭ്യാസ സന്പ്രദായത്തിന് ആഗോള അംഗീകാരം നേടുന്നതിനും സർവകലാശാലകൾക്ക് അന്താരാഷ്ട്ര പ്രശസ്തി നേടുന്നതിനും ബിൽ സഹായകമാകുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്ന ഓരോ വിദേശിയെക്കുറിച്ചും രാജ്യത്തിന് ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നുണ്ട്. വിദേശികളുടെ സന്ദർശനത്തിനു പിന്നിലെ ഉദ്ദേശ്യം, അവർ എത്രകാലം ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിക്കുന്നു തുടങ്ങിയ വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ നേട്ടത്തിനായി രാജ്യത്ത് അഭയം തേടുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. രോഹിങ്ക്യകളായാലും ബംഗ്ലാദേശികളായാലും അശാന്തി സൃഷ്ടിക്കാൻ ഇന്ത്യയിലെത്തിയാൽ കർശന നടപടിയെടുക്കും. രാജ്യം അഭയാർഥികേന്ദ്രമല്ല. വികസനത്തിനു സംഭാവന നൽകാൻ ആരെങ്കിലും ഇവിടെയെത്തിയാൽ അവരെ എപ്പോഴും സ്വാഗതം ചെയ്യുമെന്നും ഷാ വ്യക്തമാക്കി. ബില്ലിലെ പല വ്യവസ്ഥകളും സ്വാഭാവികനീതിയുടെയും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ചൂണ്ടിക്കാട്ടി. ചില പ്രത്യേക വിഭാഗങ്ങളോടു വിവേചനപരമായി നിലപാട് സ്വീകരിക്കുന്നതിനുള്ള അവസരമൊരുക്കുന്ന ബില്ല് വിശദപരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ജനാധിപത്യവും മനുഷ്യാവകാശങ്ങളും വെല്ലുവിളിക്കപ്പെടുന്നതാണ് കേന്ദ്രസർക്കാർ പാസാക്കിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലെന്ന് കെ. രാധാകൃഷ്ണൻ എംപിയും ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്തവർക്കെതിരേ ബില്ല് ദുരുപയോഗം ചെയ്തേക്കാമെന്നു നേരത്തെ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
Source link