പൃഥ്വിരാജ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി, ബിജെപിയെ പേരെടുത്ത് ആക്രമിച്ചു, വലിയ ധൈര്യം: ‘എമ്പുരാൻ’ റിവ്യുവുമായി രാഹുൽ ഈശ്വർ

പൃഥ്വിരാജ്–മോഹൻലാൽ സിനിമയായ ‘എമ്പുരാൻ’ സിനിമയുടെ രാഷ്ട്രീയം പറഞ്ഞ് രാഹുൽ ഈശ്വർ. വളരെ കാലം മുൻപ് നടന്ന ഗുജറാത്ത് കലാപത്തിൽ ഉൾപ്പെട്ട ആളുകളുടെ പേര് വരെ ഉപയോഗിച്ച് ഇന്നത്തെ കാലത്ത് ഒരു പാൻ ഇന്ത്യൻ സിനിമ ചെയ്യാൻ മുരളി ഗോപിക്കും പൃഥ്വിരാജിനും ഉണ്ടായ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസികൾ വരെ ചിലരുടെ ചട്ടുകമായി പ്രവർത്തിക്കുന്നതും സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നതും അടക്കം വളരെ ധൈര്യപൂർവം തുറന്നു പറഞ്ഞ എമ്പുരാൻ വളരെ ശക്തമായൊരു സ്റ്റേറ്റ്മെൻറ്റ് ആണെന്ന് രാഹുൽ ഈശ്വർ പങ്കുവച്ച് വിഡിയോയിൽ പറയുന്നു. മുംബൈ ഐനോക്സിൽ സിനിമ കണ്ടിറങ്ങി സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയായിരുന്നു രാഹുൽ ഈശ്വർ. ‘‘ഞാൻ മുംബൈ ഐ നോക്സിൽ ആണ്. എമ്പുരാൻ കണ്ട് ഇറങ്ങിയിട്ടേയുള്ളൂ. സിനിമ ഗംഭീരമായിട്ടുണ്ട്. സിനിമയ്ക്ക് പോസിറ്റീവുകളും ഉണ്ട് അതുപോലെതന്നെ നെഗറ്റീവുകളും ഉണ്ട്. ആദ്യം സിനിമയെക്കുറിച്ച് പറയാം ഗംഭീരമായിട്ടുണ്ട്. ലാലേട്ടന്റെ പെർഫോമൻസ് ഗംഭീരം, പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഒന്നാം ഭാഗമായ ലൂസിഫറിൽ ചെറുതായി ലാഗ് അടിച്ചിട്ടുണ്ടെങ്കിൽ ആ ലാഗും പ്രശ്നങ്ങളും ഒക്കെ ഇതിൽ ശക്തമായി പൃഥ്വിരാജിന് മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. വളരെ വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാടും ആശയവും പറയുകയും അതിശക്തമായിട്ട് തന്നെ ഈ തീവ്ര വലതുപക്ഷം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് തന്റെ രാഷ്ട്രീയം ഒന്നും മറച്ചുവയ്ക്കാതെ, അതായത് ലൂസിഫറിൽ കോൺഗ്രസ്സും കമ്യുണിസ്റ്റും ബിജെപിയും ഒക്കെ വളരെ ബാലൻസ്ഡ് ആയി കൊണ്ടുപോയിട്ടുണ്ടെങ്കിൽ ഇതിൽ കുറേക്കൂടി കടുത്ത രീതിയിൽ ബിജെപിയെ കടന്ന് ആക്രമിക്കുന്ന രീതിയിലാണ് കാണാനാകുക. അതായത് 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കും എന്നും ഗുജറാത്ത് കലാപം നടത്തിയ ആൾക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും വളരെ വ്യക്തമായി പറയുന്നുണ്ട്. ബജ്രംഗി എന്ന പേര് തന്നെ പ്രധാന വില്ലന് ഇടുകയും ചെയ്ത് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. പക്ഷേ സിനിമ എന്ന നിലയിൽ എമ്പുരാൻ വളരെ നന്നായിട്ടുണ്ട്. മഞ്ജു വാരിയരുടെ വളരെ പവർ പാക്ക്ഡ് ആയിട്ടുള്ള പെർഫോമൻസ് ആണ് കൂടുതൽ പറഞ്ഞു ഞാൻ സസ്പെൻസ് പൊളിക്കുന്നില്ല.
Source link