നീരാളിയായി ലഹരി

ലഹരിമരുന്ന് കുത്തിവച്ചതിലൂടെ 10 പേർക്ക് എച്ച്.ഐ.വി ബാധിച്ചു. എസ്.എസ്.എൽ.സി പരീക്ഷയെഴുതാൻ രണ്ട് കുട്ടികൾ എത്തിയത് മദ്യപിച്ച്. ഇതിൽ ഒരു കുട്ടിയുടെ ബാഗിൽ മദ്യക്കുപ്പിയും. ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം പ്രഖ്യാപിച്ചിരിക്കെയാണിത്.
ലഹരി കുത്തിവച്ചത് ഒരേ സിറിഞ്ച് ഉപയോഗിച്ച്
വളാഞ്ചേരി (മലപ്പുറം): ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരിമരുന്ന് കുത്തിവച്ചതിലൂടെ മലപ്പുറം വളാഞ്ചേരിയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം പത്തുപേർക്കാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്. മറ്റുള്ളവർ പ്രദേശവാസികളാണ്. രോഗബാധിതരിൽ ചിലർ വിവാഹിതരാണ്. പ്രദേശത്തെ ലൈംഗിക തൊഴിലാളികൾ ഉൾപ്പെടെ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഹൈറിസ്‌ക് വിഭാഗത്തിൽപ്പെട്ടവരിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ആദ്യം ഒരാളിലാണ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി സംഘത്തിലുൾപ്പെട്ട മറ്റുള്ളവർക്കും കണ്ടെത്തിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക പറഞ്ഞു. വളാഞ്ചേരി ടൗണിന്റെ ആളൊഴിഞ്ഞ ഭാഗത്ത് വലിയതോതിൽ സിറിഞ്ചുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. രോഗബാധ കണ്ടെത്തിയവർക്ക് ചികിത്സയും കൗൺസലിംഗും ലഭ്യമാക്കുന്നുണ്ട്.
മദ്യം വാങ്ങിയത് അമ്മൂമ്മയുടെ മോതിരം വിറ്റ്
പത്തനംതിട്ട: ബുധനാഴ്ച നടന്ന എസ്.എസ്.എൽ.സി അവസാന പരീക്ഷയെഴുതാൻ രണ്ട് വിദ്യാർത്ഥികൾ മദ്യപിച്ചെത്തിയ സംഭവം നടന്നത് പത്തനംതിട്ട കോഴഞ്ചേരിയിലെ സ്കൂളിൽ. സംശയം തോന്നി അദ്ധ്യാപകർ പരിശോധിച്ചപ്പോഴാണ് ഒരു വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് മദ്യക്കുപ്പിയും 10,000 രൂപയും കണ്ടെടുത്തത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയായിരുന്നു ഇത്. മറ്റു രണ്ടുകുട്ടികൾ കൂടി സംഘത്തിലുണ്ടായിരുന്നു.
കുട്ടികളിൽ ഒരാൾ അമ്മൂമ്മയുടെ രണ്ടുഗ്രാമിലധികം വരുന്ന സ്വർണമോതിരം മോഷ്ടിച്ച് വിറ്റാണ് ആഘോഷത്തിന് പണം കണ്ടെത്തിയത്. 23,000 രൂപ ലഭിച്ചു. 13,000 രൂപ ചെലവാക്കി. ബാക്കി പണമാണ് ബാഗിൽ ഉണ്ടായിരുന്നത്. അദ്ധ്യാപകർ സംഭവം ആറന്മുള പൊലീസിൽ അറിയിച്ചു. പരീക്ഷ എഴുതിച്ച ശേഷം വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. പൊലീസ് നാല് വിദ്യാർത്ഥികൾക്കും കൗൺസലിംഗ് നൽകി. കേസെടുത്തിട്ടില്ല.
Source link