സ്നേഹ വീടുകൾക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു, ഉരുളെടുത്ത ജീവിതങ്ങൾ വീണ്ടും പച്ചതൊടുന്നു

പ്രദീപ് മാനന്തവാടി | Friday 28 March, 2025 | 4:33 AM
എന്തിനെയും അതിജീവിക്കുമെന്ന സന്ദേശം: പിണറായി
കൽപ്പറ്റ: ഉരുൾ മഹാദുരന്തത്തിൽ നിരാലംബരായവർക്ക് കരുതലിന്റെ തണലൊരുക്കലിന് തുടക്കമായി. മുണ്ടക്കൈ, ചൂരൽമലയ്ക്ക് ഇരുപത് കിലോമീറ്റർ അകലെ എസ്റ്റൺ എസ്റ്റേറ്റിൽ സ്നേഹ വീടുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 430 വീടുകളാണ് ഏഴ്സെന്റിൽ വീതം പണിത് നൽകുക.
അസാദ്ധ്യമെന്ന് കരുതിയത് നാടിന്റെ ഐക്യംകൊണ്ട് സാദ്ധ്യമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയെരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താകുന്നത്. എല്ലാവരും സഹകരിച്ചത് നാടിന്റെ അപൂർവതയാണ്. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കും. നാം എന്തിനെയും അതിജീവിക്കും എന്നതാണ് പുനരധിവാസം നൽകുന്ന മഹാസന്ദേശം. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും. കേന്ദ്രത്തിൽ നിന്ന് വലിയ സഹായം പ്രതീക്ഷിച്ചു. ലഭിച്ചത് പരിമിതമായ വായ്പ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസത്തിന് സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സഹായം നൽകാത്ത കേന്ദ്ര നടപടി സങ്കടകരവും പ്രതിഷേധാർഹവുമാണ്. രാഹുൽ ഗാന്ധി വാഗ്ദാനംചെയ്ത നൂറ് വീടുകൾ ടൗൺഷിപ്പിലുണ്ടാകും.
ടൗൺഷിപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നതിൽ സന്തോഷമുണ്ടെന്ന് വയനാട് എം.പി പ്രിയങ്കഗാന്ധി പറഞ്ഞു. പട്ടികയിൽ വിട്ടുപോയവരെ പരിഗണിക്കണം. സാഹായത്തിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും.
മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഒ.ആർ. കേളു, രാമചന്ദ്രൻ കടന്നപ്പള്ളി, പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ടി. സിദ്ദിഖ് എം.എൽ.എ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവരും പങ്കെടുത്തു. ടൗൺഷിപ്പ് സ്‌പെഷ്യൽ ഓഫീസർ എസ്. സുഹാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതവും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നന്ദിയും പറഞ്ഞു.
സന്തോഷം, ഒപ്പം
സങ്കടവും
ഉറ്റവരുൾപ്പെടെ സർവതും നഷ്ടപ്പെട്ടവരാണ് ടൗൺഷിപ്പിൽ വീണ്ടും ജീവിതം തുടങ്ങുന്നത്. തീരാദുഃഖത്തിനിടയിലും പലരും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. സർക്കാരിന് നന്ദി പറഞ്ഞു. അതേസമയം, ഗുണഭോക്തൃ പട്ടികയിൽ ഇടംപിടിക്കാത്തതിൽ ചിലർ വിഷമവും പങ്കുവച്ചു.
അർഹരായ ഒരാൾ പോലും പുറത്താകില്ല. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ അതിനും സർക്കാർ തയ്യാർ
കെ. രാജൻ, റവന്യൂ മന്ത്രി
Source link