KERALAM

അന്ധതയെ തോല്പിച്ച രൂപേഷിനെ ഇങ്ങനെ പരീക്ഷിക്കണോ!

ആലപ്പുഴ: അന്ധതയെ തോല്പിച്ച് ഒന്നാം റാങ്കോടെ ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായ രൂപേഷിന് സ്ഥലംമാറ്റം വല്ലാത്തൊരു പൊല്ലാപ്പായി. ജില്ലാ ഇൻഷ്വറൻസ് ഓഫീസറായാണ് നിയമനം. ഓഫീസാകട്ടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലും. ലിഫ്റ്റ് സൗകര്യവുമില്ല.

കെ.എ.എസ് ആദ്യ ബാച്ചിൽ ഭിന്നശേഷി വിഭാഗത്തിൽ ഒന്നാം റാങ്കോടെയാണ് 2023 ജൂലായിൽ ജോലിയിൽ പ്രവേശിച്ചത്. ഭിന്നശേഷി ജീവനക്കാരെ മൂന്നു വർഷത്തേക്ക് സ്ഥലംമാറ്റരുതെന്നും മാറ്റുമ്പോൾ ഓഫീസിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടാകരുതെന്നുമാണ് ചട്ടം. എന്നാൽ, രൂപേഷിന്റെ കാര്യത്തിൽ ഇതു പാലിച്ചില്ല.

കഴിഞ്ഞ സാമ്പത്തിക വർഷം റവന്യു റിക്കവറി കുടിശിക നിവാരണത്തിൽ സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് വകുപ്പുതല പ്രശംസ നേടിയിരുന്നു രൂപേഷ്. കളക്ടറേറ്റിലെ ഓഫീസ് രണ്ടാം നിലയിലാണെങ്കിലും ലിഫ്റ്റ് സൗകര്യമുണ്ട്. സഹായത്തിന് ഓഫീസ് അസിസ്റ്റന്റിനെയും നൽകിയിരുന്നു.

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് രൂപേഷിനെ സ്വന്തം നാടായ ആലപ്പുഴയിൽ ഡെപ്യൂട്ടി കളക്ടറാക്കിയത്. സ്ഥലംമാറ്റം പിൻവലിക്കുകയോ, ഭിന്നശേഷി സൗഹൃദമായ മറ്റൊരു ഓഫീസിലേക്ക് മാറ്റി നിയമിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ ചന്ദ്രദാസ് കേശവപിള്ള മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ ഇടപെട്ടിട്ടുണ്ട്.

ആലപ്പുഴ കുതിരപ്പന്തി ആഞ്ഞിലിപ്പറമ്പിൽ വി.കെ.ഹരിദാസിന്റെയും കോമളയുടെയും മകനായ രൂപേഷിന് ജന്മനാ വൈകല്യമുണ്ടായിരുന്നു. പത്താം ക്ലാസിലായപ്പോൾ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഞരമ്പുകൾ ചുരുങ്ങി നശിക്കുന്ന രോഗമായിരുന്നു. പക്ഷേ, രൂപേഷ് തളർന്നില്ല. പോസ്റ്റ് ഗ്രാജ്വേഷനും ബി.എഡും സെറ്റും നേടി ഹയർ സെക്കൻഡറി അദ്ധ്യാപകനായി. ഈ അവസരത്തിലാണ് കെ.എ.എസ് നോട്ടിഫിക്കേഷൻ വന്നതും എഴുതി നേടിയതും.

ലിഫ്റ്റില്ല, ഇടുങ്ങിയ

കോണിപ്പടി

ജില്ലാ ഇൻഷ്വറൻസ് ഓഫീസറായി കഴിഞ്ഞയാഴ്ചയാണ് രൂപേഷ് ചുമതലയേറ്റത്. ലിഫ്റ്റില്ലാത്തതിനാൽ മൂന്നാം നിലയിലെത്താൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. പടികൾക്ക് വീതി കുറവായതിനാൽ മറ്റൊരാൾക്ക് പിടിച്ചുകയറ്റാനും പ്രയാസമാണ്. പടിക്കെട്ടിനും കൈപ്പിടിക്കും ഇടയിലെ വിടവിലൂടെ കാൽതെറ്റി വീഴാനുള്ള സാദ്ധ്യതയും കൂടുതലാണ്. വീട്ടിൽ നിന്ന് കൂട്ടിന് ആളെത്തിയാണ് രൂപേഷിനെ ഓഫീസിലേക്ക് കയറാനും ഇറങ്ങാനും ഇപ്പോൾ സഹായിക്കുന്നത്.


Source link

Related Articles

Back to top button