സ്വകാര്യ ബസിൽ നാടൻതോക്കിന്റെ 150 തിരകൾ കണ്ടെത്തി

ഇരിട്ടി (കണ്ണൂർ): കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്കിടെ സ്വകാര്യ ബസ്സിൽ നിന്നും നാടൻതോക്കിന്റെ 150 തിരകൾ പിടി കൂടി. എക്സൈസ് ഇൻസ്‌പെക്ടർ വി. ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് വീരാജ്പേട്ട വഴി എത്തിയ സ്വകാര്യ ബസിന്റെ ബർത്തിൽ ബാഗിൽ സൂക്ഷിച്ച നിലയിൽ തിരകൾ കണ്ടെത്തിയത്. എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്ത ബസും തിരകളും ഇരിട്ടി പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഉളിക്കൽ കാലാങ്കി സ്വദേശിയായ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കർണ്ണാടകത്തിൽ നിന്നും മയക്കുമരുന്ന് കടത്ത് വ്യാപകമായ സാഹചര്യത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ എല്ലാ വാഹനങ്ങളും എക്സൈസ് പരിശോധിക്കുന്നുണ്ട്. കുടകിലെ കുട്ടയിൽ നിന്നും വീരാജ്പേട്ട – കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം 3. 45 ഓടെ നടത്തിയ പരിശോധനയ്ക്കിടെയാണ് ആരും ഉടമസ്ഥത സമ്മതിക്കാത്ത നിലയിൽ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ മൂന്നു കെയ്സുകളിലായി പൊതിഞ്ഞു വച്ച തിരകൾ കണ്ടെത്തിയത്. വിവരമറിയിച്ചതനുസരിച്ച് ഇരിട്ടി ഡി വൈ എസ് പി ധനഞ്ജയ ബാബുവിന്റെ നിർദ്ദേശ പ്രകാരം എത്തിയ പൊലീസ് സംഘം യാത്രക്കാരെയടക്കം ബസ് കസ്റ്റഡിയിലെടുത്ത് ഇരിട്ടി സ്റ്റേഷനിലേക്ക് മാറ്റി. എക്സൈസ് സംഘം പിടികൂടിയ തിരകളും പോലീസിന് കൈമാറി.

വൈകുന്നേരം ആറുമണിയോടെ എം.സി. ബിനീഷിന്റെ നേതൃത്വത്തിൽ എത്തിയ ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയിൽ സംശയം തോന്നിയ ഉളിക്കൽ മാട്ടറ കാലാങ്കി സ്വദേശിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണൻ, എസ് ഐ കെ. ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു വരുകയാണ്.


Source link
Exit mobile version