ബൈക്കിന് സൈഡ് കൊടുത്തില്ല; ഗ്ലാസിനുള്ളിലൂടെ കയ്യിട്ട് മുഖത്തിടിച്ചു, യുവാവ് അറസ്റ്റിൽ

പത്തനംതിട്ട ∙ കൂടൽ കലഞ്ഞൂർ ഒന്നാം കുറ്റിയിൽ മുൻ സൈനികനായ കാർ യാത്രികനെ ബൈക്കിലെത്തി തടഞ്ഞു മർദ്ദിച്ച യുവാവിനെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. കലഞ്ഞൂർ കാലായിൽ ആറ്റൂർ ഭാഗം നന്ദനം വീട്ടിൽ അഭിനന്ദ് (24) ആണ് പിടിയിലായത്. മാങ്കോട് മണക്കാട്ടുപുഴ തെക്കേക്കര പുത്തൻ വീട്ടിൽ എംഐ ഇബ്നൂസിനാണ് (63) യുവാവിന്റെ മർദ്ദനമേറ്റത്. സൈഡ് തന്നില്ലെന്ന് ആരോപിച്ച് പത്തനാപുരത്തേക്ക് കാർ ഓടിച്ചുപോയ ഇബ്നൂസിനെ ഒന്നാം കുറ്റിയിൽ വച്ച് മർദ്ദിക്കുകയായിരുന്നു. കാർ തടഞ്ഞു നിർത്തി വാക്കു തർക്കത്തിലേർപ്പെട്ട പ്രതി ഗ്ലാസിനുള്ളിലൂടെ കയ്യിട്ടാണ് ഇബ്നൂസിന്റെ മുഖത്ത് ഇടിച്ചത്. തുടർന്ന്, ഡോർ ബലമായി തുറന്ന് പുറത്തിറക്കി തലയിലും ദേഹത്തും അടിക്കുകയും താഴെ വീണപ്പോൾ തറയിലിട്ട് ചവിട്ടുകയും ചെയ്തു. സമീപത്തുള്ളവർ ഓടിക്കൂടിയപ്പോഴാണ് അഭിനന്ദ് മർദ്ദനം നിർത്തിയത്. സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ നിന്നും വിരമിച്ച ഇബ്നൂസ് മുൻ സൈനികനുമാണ്. സാധനങ്ങൾ വാങ്ങാൻ പത്തനാപുരത്തേക്ക് പോകുകയായിരുന്നു. ചാറ്റൽ മഴ കാരണം പതിയെ കാർ ഓടിച്ചുപോയ ഇദ്ദേഹത്തിന്റെ പിന്നാലെ ഹോൺ മുഴക്കി വന്ന പ്രതി, വാഹനം ഒതുക്കി കൊടുത്തപ്പോൾ മുന്നിൽ കയറി തടഞ്ഞു മർദ്ദിച്ചതായി മൊഴിയിൽ പറയുന്നു.
Source link