നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിക്ക് 70: ഓർമ്മകൾ പങ്കിടാൻ അവർ ഒത്തുകൂടി

തിരുവനന്തപുരം: 70 വർഷം പിന്നിട്ട ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” നാടകത്തിന്റെ ഓർമ്മകൾ അവർ ഒത്തുചേർന്ന് പങ്കിട്ടു. മൂന്നു തലമുറയിലുള്ളവർ.
നാടകത്തിൽ 1952 മുതൽ അഭിനയിച്ച വിജയകുമാരി, അണിയറ ശില്പികളായ തോപ്പിൽ ഭാസി, കാമ്പിശേരി കരുണാകരൻ, അഡ്വ.ജനാർദ്ദന കുറുപ്പ്, പുനലൂർ എൻ.രാജഗോപാലൻ നായർ എന്നിവരുടെ മക്കളും കുടുംബാംഗങ്ങളുമാണ് ഒത്തുചേർന്നത്.
കേരള സർവകലാശാലയുടെ നേതൃത്വത്തിൽ നടത്തിയ 2-ാമത് ഭരത് മുരളി നാടകോത്സവ വേദിയിലായിരുന്നു ഈ അപൂർവ്വ സംഗമം.
1952 ഡിസംബർ 6ന് ചവറയിലെ തട്ടാശ്ശേരിയിൽ ആദ്യപ്രദർശനം നടത്തിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”യിൽ ബാലതാരമായാണ് വിജയകുമാരിയുടെ അരങ്ങേറ്റം. 72 വർഷത്തിന് മുമ്പുള്ള ഓർമ്മകൾ പങ്കുവച്ച വിജയകുമാരി 85-ാം വയസ്സിലും നാടകത്തിൽ അഭിനയിക്കാൻ മോഹമുണ്ടെന്നു പറഞ്ഞു.
നാടകാചാര്യൻ ഒ.മാധവന്റെ ഭാര്യയും നടൻ എം.മുകേഷിന്റെ അമ്മയുമാണ് വിജയകുമാരി. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിൽ ബാലതാരമായി തുടങ്ങി, അമ്മ വേഷത്തിലും ജന്മി പരമുപിള്ളയുടെ ഭാര്യയുടെ വേഷത്തിലും 7000 വേദികളിൽ അഭിനയിച്ചു. ഇതടക്കം 10028 വേദികളിൽ വേഷമിട്ടു. മകൾ സന്ധ്യ രാജേന്ദ്രനും അമ്മയ്ക്കൊപ്പം എത്തിയിരുന്നു.
തോപ്പിൽ ഭാസിയുടെ മക്കളായ തോപ്പിൽ സോമൻ, മാല തോപ്പിൽ, സുരേഷ് തോപ്പിൽ, ചെറുമകൻ പ്രദീപ് തോപ്പിൽ, കെ.പി.എ.സി സുലോചനയുടെ ഭർത്താവ് എൻ.കലേശൻ, കെ.പി.എ.സി സുധർമ്മയുടെ മകൾ പ്രൊഫ.ചിത്ര ഗംഗാധരൻ, പുനലൂർ രാജഗോപാലൻ നായരുടെ മകൾ സൈല, കവി ഒ.എൻ.വി. കുറുപ്പിന്റെ ചെറുമകൾ അപർണ രാജീവ്, കെ.പി.എ.സി രാജേന്ദ്രൻ എന്നിവരും സംഗമത്തിൽ പങ്കാളികളായി.
Source link