LATEST NEWS

‘ഹൂതികൾക്ക് എതിരായ യുദ്ധ തന്ത്രങ്ങൾ ചോർന്നു, തെറ്റുപറ്റി, പക്ഷേ…’: വാട്‌സ് ഒരു പാഠം പഠിച്ചെന്ന് ട്രംപ്


വാഷിങ്ടൻ∙ യമനിലെ ഹൂതികൾക്ക് എതിരായ യുദ്ധ തന്ത്രങ്ങൾ മാധ്യമപ്രവർത്തകർ ഉൾപ്പെട്ട സിഗ്നൽ ചാറ്റ് ഗ്രൂപ്പിലൂടെ പുറത്തുവന്ന സംഭവത്തിൽ തെറ്റു പറ്റിയതായി ഏറ്റുപറഞ്ഞ് യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുൾസി ഗബ്ബാർഡ്. യുഎസിലെ ദ അറ്റ്ലാന്റിക് മാഗസിന്റെ എഡിറ്റർ  ജെഫ്രി ഗോൾഡ് ബെർഗിനെ ഉൾപ്പെടുത്തിയ ഗ്രൂപ്പിലാണ് സൈനിക രഹസ്യങ്ങൾ പങ്കുവച്ചത്. ഗ്രൂപ്പിൽ തന്നെയും ചേർത്തതായി ജെഫ്രി ഗോൾഡ് ബെർഗ് വെളിപ്പെടുത്തിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകളല്ല ചോർന്നതെന്ന് തുൾസി ഗബ്ബാർഡ് സെനറ്റർമാരെ അറിയിച്ചു. യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ സംബന്ധിച്ച് ഗ്രൂപ്പിൽ വിവരം കൈമാറിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.സംഭവത്തിന്റെ ഉത്തരവാദിത്തം ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാട്സ് ഏറ്റെടുത്തിരുന്നു. മാധ്യമ പ്രവർത്തകനെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയതിന് ഉത്തരവാദി തന്റെ ജീവനക്കാരല്ലെന്നും താനാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മാധ്യമ പ്രവർത്തകൻ എങ്ങനെ ഗ്രൂപ്പിൽ അംഗമായെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മൈക്ക് വാട്സാണ് തന്നെ ഗ്രൂപ്പിൽ അംഗമാകാൻ ക്ഷണിച്ചതെന്ന് ഗോൾഡ് ബെർഗ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.  സംഭവം ഗൗരവതരമല്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. വാട്‌സിന്റെ സഹായിയാണ് മാധ്യമപ്രവർത്തകനെ ഗ്രൂപ്പിൽ ചേർത്തതെന്നും നല്ല മനുഷ്യനായ വാട്‌സ് ഒരു പാഠം പഠിച്ചതായും ഡോണൾഡ് ട്രംപ് പറഞ്ഞു.


Source link

Related Articles

Back to top button