റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അറിയിച്ചു. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ഇന്റർനാഷണൽ അഫയേഴ്സ് കൗൺസിൽ (ആർഐഎസി) സംഘടിപ്പിച്ച “റഷ്യയും ഇന്ത്യയും: പുതിയ ഉഭയകക്ഷി അജൻഡ’ എന്ന കോൺഫറൻസിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു ലാവ്റോവ്. ഇന്ത്യയുമായി റഷ്യ “തന്ത്രപരമായ പങ്കാളിത്തം’ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ സന്ദർശനം റഷ്യയിലേക്കായിരുന്നു. ഇനി തങ്ങളുടെ ഊഴമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാൽ സന്ദർശനത്തിന്റെ തീയതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
റഷ്യൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു. പുടിനും മോദിയും പതിവായി ബന്ധം പുലർത്തുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കൽ ഇരുവരും ടെലിഫോൺ സംഭാഷണങ്ങൾ നടത്താറുണ്ട്. അന്താരാഷ്ട്ര പരിപാടികളുടെ ഭാഗമായി എത്തുമ്പോൾ നേരിട്ട് കൂടിക്കാഴ്ചയും നടത്തും.
Source link