ദീപക് വധം: വിചാരണക്കോടതി വെറുതേവിട്ട 5 പേർ കുറ്റക്കാർ

കൊച്ചി: ജനതാദൾ (യു) നേതാവായിരുന്ന തൃശൂർ നാട്ടിക സ്വദേശി പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വെറുതേ വിട്ട അഞ്ച് ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഒന്ന് മുതൽ അഞ്ചുവരെ പ്രതികളായ പെരിങ്ങോട്ടുകര മരോട്ടിക്കൽ എം.എസ്. ഋഷികേശ്, പടിയംകൂട്ടാല വീട്ടിൽ കെ.യു. നിജിൽ (കുഞ്ഞാപ്പു), തെക്കേക്കര കൊച്ചാത്ത് കെ.പി. പ്രശാന്ത് (കൊച്ചു), പൂക്കോട് പ്ലാക്കിൽ രശാന്ത്, താന്ന്യം വാലപറമ്പിൽ വി.പി. ബ്രഷ്‌നേവ് എന്നിവർക്കെതിരെ ചുമത്തിയ കൊലക്കുറ്റം ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിന് സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ശരിവച്ചു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷ വിധിക്കുന്നതിനായി ഏപ്രിൽ എട്ടിന് രാവിലെ 10.15 ന് ഹൈക്കോടതിയിൽ ഹാജരാക്കണമെന്നും നിർദ്ദേശിച്ചു.
കേസിലെ 10 പ്രതികളെയും വെറുതേവിട്ട തൃശൂർ അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാരും ദീപക്കിന്റെ ഭാര്യ വർഷയും നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചാണ് ഉത്തരവ്.
മുഖംമൂടി ആക്രമണമായിരുന്നതിനാൽ യഥാർത്ഥ പ്രതികൾ ആരെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് വിചാരണക്കോടതി പ്രതികളെ വെറുതേവിട്ടത്. എന്നാൽ തെളിവുകൾ വിചാരണക്കോടതി ശരിയായി പരിശോധിച്ചില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
അക്രമത്തിന് പ്രേരിപ്പിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ആറ് മുതൽ 10 വരെ പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇവരെ കുറ്റവിമുക്തരാക്കിയത് ഡിവിഷൻബെഞ്ച് ശരിവച്ചു.
പെരിങ്ങോട്ടുകര ശിവദാസൻ, മുറ്റിച്ചൂർ രാഗേഷ്, ചാഴൂർ കെ.എസ്. ബൈജു, കരാഞ്ചിറ മുനയം വിയ്യത്ത് സരസൻ, സനന്ദ് എന്നിവരെയാണ് വെറുതേ വിട്ടത്.
സർക്കാരിനായി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ എസ്.യു. നാസർ ഹാജരായി.
സംഭവം ഇങ്ങനെ
2015 മാർച്ച് 25 ന് രാത്രി തൃശൂർ പഴുവിൽ വച്ചാണ് ദീപക് കൊല്ലപ്പെട്ടത്. ജനതാദൾ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. നാട്ടിൽ റേഷൻ കടയും ഉണ്ടായിരുന്നു. കടയടയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയ പ്രതികൾ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
ബി.ജെ.പിയിലായിരുന്ന ദീപക് ജനതാദളിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. ജനതാദൾ (യു) ആണ് പിന്നീട് ആർ.ജെ.ഡി ആയി മാറിയത്.
Source link