അഴിമതി കണ്ടെത്താൻ വിജിലൻസ്: സംസ്ഥാനമൊട്ടാകെ മിന്നൽ പരിശോധന

തിരുവനന്തപുരം: അഴിമതി കണ്ടെത്താൻ സംസ്ഥാനമാകെ വിവിധ ഓഫീസുകളിൽ മിന്നൽ പരിശോധനകളുമായി വിജിലൻസ്. കൊല്ലം കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നലെ വൈകിട്ട് നാലിന് തുടങ്ങിയ പരിശോധന രാത്രിയിലും തുടരുകയാണ്. കൊട്ടാരക്കര സ്വദേശിയായ പരാതിക്കാരി ഓൺലൈനിലൂടെ ആധാരം രജിസ്​റ്റർ ചെയ്യാൻ അപേക്ഷിച്ചിരുന്നു. കൊട്ടാരക്കര സബ് രജിസ്ട്രാർ ആധാരം രജിസ്​റ്റർ ചെയ്യുന്നത് തടയുകയും നടപടി വൈകിപ്പിക്കുകയും ചെയ്തതെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

കോഴിക്കോട് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ചില ജീവനക്കാർ കൈക്കൂലി വാങ്ങുന്നതായി ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ 11ന് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് 2.45ന് അവസാനിച്ചു.

കോഴിക്കോട് ഒളവണ്ണ സിഡ്‌കോ ട്രെയിനിംഗ് സെന്ററിലും പരിശോധന നടന്നു. അവിടത്തെ മുൻ ഡിസൈൻ എൻജിനിയർ, ക്രമക്കേടുകൾ നടത്തി സ്ഥാപനത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതായി വിവരം ലഭിച്ചിരുന്നു. മുൻ വില്ലേജ് ഫീൽഡ് അസിസ്​റ്റന്റും ഇപ്പോഴത്തെ വില്ലേജ് ഫീൽഡ് അസിസ്​റ്റന്റും സ്ഥലപരിശോധനയ്ക്ക് പണം വാങ്ങുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ കാടുകു​റ്റി വില്ലേജ് ഓഫീസിലും മിന്നൽ പരിശോധന നടന്നു.

വസ്തുവിന്റെ സ്‌കെച്ചിന് വില്ലേജ് ഓഫീസർ അറിയാതെ അദ്ദേഹത്തിന്റെ ഒപ്പ് ഇട്ട് കൊടുക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു.

മലപ്പുറം പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലും മിന്നൽ പരിശോധന നടന്നു. കെട്ടിട നിർമ്മാണ റഗുലറൈസേഷനായി സമർപ്പിച്ച അപേക്ഷയുടെ ഫീസായി ഓൺലൈനിൽ കാണിച്ച തുകയെക്കാൾ കുറഞ്ഞ തുക ഫ്രണ്ട് ഓഫീസിലൂടെ അടപ്പിക്കുകയും, അപേക്ഷകനിൽ നിന്ന് മുഴുവൻ തുകയും വാങ്ങുകയും ചെയ്തതിനെത്തുടർന്നാണിത്. വ്യാജ രസീത് നൽകി സീനിയർ ക്ലാർക്ക് പണം തട്ടിയതായാണ് വിവരം കിട്ടിയത്. അഴിമതി സംബന്ധിച്ച വിവരങ്ങൾ 1064 (ടോൾ ഫ്രീ) , 8592900900, 9447789100 (വാട്സ്ആപ്പ്)നമ്പറുകളിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.


Source link
Exit mobile version