മദ്യപാനത്തെ തുടർന്നു തർക്കം; പാലക്കാട്ട് ഒരാൾ തലയ്ക്ക് അടിയേറ്റു മരിച്ചു; അയൽവാസികൾ പിടിയിൽ

മുണ്ടൂർ ∙ അമ്മയെ അസഭ്യം പറഞ്ഞതിനു സഹോദരന്മാർ മദ്യലഹരിയിൽ അയൽവാസിയെ കൊലപ്പെടുത്തി. കുമ്മംകോട് വീട്ടിൽ മണികണ്ഠൻ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ വിനോദ് (46), ബിനിഷ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അമ്മയെ മണികണ്ഠൻ അസഭ്യം പറഞ്ഞതു ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. തർക്കത്തെത്തുടർന്ന് ഇഷ്ടികയും ഓടും ഉപയോഗിച്ച് മണികണ്‌ഠനെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. മണികണ്ഠന്റെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. മദ്യപാനത്തിനിടെ അയൽവീട്ടുകാർ തമ്മിൽ തർക്കം പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി നടന്ന സംഭവം ഇന്ന് രാവിലെയാണ് പുറത്തറിയുന്നത്. കൂലിപ്പണിക്കാരനായ മണികണ്ഠൻ തനിച്ചാണ് താമസം. കൊലപാതകത്തിനു മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നു പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അജിത്കുമാർ, മണ്ണാർക്കാട് സിഐ സി. സുന്ദരൻ തുടങ്ങിയവർ സഥലത്തെത്തി.
Source link