‘അൽപം ഉശിര് കൂടും; ക്രിമിനൽ കുറ്റമായി തോന്നിയെങ്കിൽ സഹതപിച്ചോളൂ’: ഷംസീറിന് ജലീലിന്റെ പരോക്ഷ വിമർശനം

തിരുവനന്തപുരം∙ സ്പീക്കർ എ.എൻ.ഷംസീറിനെതിരെ പരോക്ഷ വിമർശനവുമായി കെ.ടി.ജലീൽ എംഎൽഎ. നിയമസഭയിൽ ജലീലിന്റെ പ്രസംഗം നീണ്ടു പോയതോടെ ചുരുക്കാന്‍ സ്പീക്കർ പലതവണ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമർശത്തിനാണ് പേരു സൂചിപ്പിക്കാതെ സമൂഹമാധ്യമത്തിലൂടെ ജലീൽ മറുപടി നൽകിയത്. പ്രസംഗം നീണ്ടുപോയത് ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നുന്നെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ എന്ന് ജലീലിന്റെ പോസ്റ്റിൽ പറയുന്നു. പ്രസംഗത്തിന്റെ വിഡിയോയും ജലീൽ പങ്കുവച്ചു.പോസ്റ്റിന്റെ പൂർണരൂപം: ‘‘സ്വകാര്യ സർവകലാശാലാ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയിൽ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പറഞ്ഞു വന്നപ്പോൾ സമയം അൽപം നീണ്ടു പോയി. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയെങ്കിൽ സഹതപിക്കുകയേ നിർവാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അൽപം ‘ഉശിര്’ കൂടും. അത് പക്ഷേ, ‘മക്കയിൽ’ ഈന്തപ്പഴം വിൽക്കുന്നവർക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല’’.
Source link