‘ഇനി ഞങ്ങളുടെ ഊഴം’; പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വ്ളാഡിമിർ പുട്ടിൻ, ഇന്ത്യ സന്ദർശിക്കും

മോസ്കോ∙ ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇന്ത്യൻ സന്ദർശനത്തിന്റെ തിയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരുക്കങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് പുട്ടിന്റെ സന്ദർശനം. ‘‘മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ഇനി ഇന്ത്യ സന്ദർശിക്കേണ്ട സമയമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനത്തിന്റെ ഒരുക്കങ്ങൾ നടന്നുവരികയാണ്’’– സെർജി ലാവ്‌റോവ് പറഞ്ഞു. റഷ്യൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു.റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുന്നത്. 2030–ലെ സാമ്പത്തിക മാർഗരേഖയുടെ വളർച്ച ലക്ഷ്യമിട്ടാണ് റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 100 ബില്യണിനുമ്മേൽ വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്. നിലവിൽ പ്രതിവർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 60 ബില്യൺ ഡോളറാണ്. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ചെന്നൈ-വ്‌ളാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴി പങ്ക് വഹിക്കും.
Source link