LATEST NEWS

‘പുട്ടിന്റെ മരണം ഉടൻ; യുദ്ധം അവസാനിക്കും’: വിവാദ പരാമർശവുമായി സെലെൻസ്കി


മോസ്കോ∙ റഷ്യന്‍ പ്രസിഡന്‍റ്  വ്ളാഡിമിർ പുട്ടിന്‍റെ മരണം ഉടന്‍തന്നെ ഉണ്ടാകുമെന്നു യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലെന്‍സ്കി. മൂന്ന് വർഷമായി തുടരുന്ന റഷ്യ–യുക്രെയ്ന്‍ യുദ്ധം അങ്ങനെ മാത്രമേ അവസാനിക്കുവെന്നും സെലെൻസ്കി ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പുട്ടിന്‍റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കാജനകമായ അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണു യുക്രെയ്ന്‍ പ്രസിഡന്‍റിന്‍റെ വിവാദ പരാമർശം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പുട്ടിന്‍ ഉടനെ മരിക്കുമെന്നും യുദ്ധം അവസാനിക്കുമെന്നും സെലെന്‍സ്കി തറപ്പിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി അവശനിലയിലാണ് പുട്ടിനെ പൊതുവേദികളിൽ കണ്ടിരുന്നത്. കൈകാലുകൾ വിറയ്ക്കുന്നതും, നിയന്ത്രണാതീതമായി ചുമയ്ക്കുന്നുതമെല്ലാം പുട്ടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ ഔദ്യോഗിക പ്രതികരണങ്ങള്‍ക്ക് റഷ്യ ഇതുവരെ തയ്യാറായിട്ടില്ല. 2022 ല്‍ പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മേശയില്‍ തലകുമ്പിട്ടിരിക്കുന്ന പുട്ടിന്റെ വിഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് അദ്ദേഹം പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണെന്നും കാന്‍സറാണെന്നുമുള്ള വാര്‍ത്ത പരന്നു. ഇതും റഷ്യ തള്ളികളയുകയായിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുഎസിന്‍റെ നേതൃത്വത്തില്‍ നടന്ന സമാധാന ചർച്ചയിൽ ഇരുരാജ്യങ്ങളിലെയും ഊർജ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം നിർത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി റഷ്യൻ ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകാൻ യുഎസ് തയാറായി. കരാറിൽ ഒപ്പിട്ട് ഒരു ദിവസത്തിനു ശേഷമാണ് സെലെൻസ്കിയുടെ വിവാദ പരാമർശം എന്നതും ശ്രദ്ധേയമാണ്. 


Source link

Related Articles

Back to top button