‘കേന്ദ്രം സഹായിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും തന്നില്ല, ഒരുമയുടെ കരുത്താണ് ഇവിടെ വരെ എത്തിച്ചത്’

കൽപറ്റ∙ ജനം ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ ഇന്ന് കൊടുത്തയച്ച കത്തിൽ 100 വീടുകൾ നിർമിക്കുന്നതിന് 20 കോടി രൂപ അനുവദിച്ചതായി അറിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ 100 വീടിനുള്ള പണം കഴിഞ്ഞ ദിവസം കൈമാറി. സ്കൂൾ വിദ്യാർഥികളുടെ എൻഎസ്എസ് 10 കോടി രൂപ നൽകി. വാഗ്ദാനം എന്തായാലും എന്തുവിലകൊടുത്തും നിറവേറ്റുന്നതാണ് നമ്മുടെ രീതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.നാം അനുഭവിച്ച വേദനയ്ക്കിടയിൽ ഇത്തരമൊരു ഘട്ടം എല്ലാവരിലും നല്ല വികാരം ഉണർത്തുന്ന സമയമാണ്. നമ്മുടെ നാടിന്റെ ഒരുമയുടെ കരുത്താണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. അസാധ്യമെന്ന് കരുതുന്ന എന്തും സാധ്യമാക്കാനാകും എന്നതാണ് നമ്മുടെ അനുഭവം. വലിയൊരു ജീവകാരുണ്യമാണ് ഫലവത്താക്കുന്നത്. വലിയ സ്രോതസായി പ്രതീക്ഷിച്ചത് കേന്ദ്രസഹായമാണ്. കിട്ടിയത് വായ്പാ രൂപത്തിലുള്ള തീർത്തും അപര്യാപ്തമായ തുകയാണ്. കേന്ദ്ര സഹായത്തിന്റെ അഭാവത്തിലും പുനരധിവാസവുമായി നാം മുന്നോട്ട് പോയി.
Source link