വാഹനങ്ങൾക്കും ട്രംപിന്റെ താരിഫ് അടി; ടാറ്റാ മോട്ടോഴ്സ് ഉൾപ്പെടെ ഓഹരികളിൽ വൻ വീഴ്ച, കൂടുതൽ തിരിച്ചടി വാഹനഘടക കമ്പനികൾക്ക്

യുഎസ് പ്രസിഡന്റായി രണ്ടാമതും സ്ഥാനമേറ്റശേഷം ഡോണൾഡ് ട്രംപ് ചുമത്തുന്ന അധിക ഇറക്കുമതി തീരുവയുടെ പുതിയ ഇര വാഹനക്കമ്പനികൾ. ഏപ്രിൽ രണ്ടിനു പ്രാബല്യത്തിൽ വരുംവിധം 25% ഇറക്കുമതി തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. തീരുവ ചുമത്തുന്നത് ഉറച്ചതീരുമാനമാണെന്നും വിട്ടുവീഴ്ചയ്ക്കോ ഇളവിനോ ചർച്ചകൾക്ക് ഒരുക്കമല്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പ്രഖ്യാപനത്തിനു പിന്നാലെ ലോകത്തെ ഒട്ടുമിക്ക വാഹന നിർമാണക്കമ്പനികളുടെയും ഓഹരികൾ കൂപ്പുകുത്തി.യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹന ഘടകങ്ങൾക്കും തീരുവ ബാധകമാണെന്ന് വ്യക്തമായതോടെ, ഈ രംഗത്തെ കമ്പനികളുടെ ഓഹരികളും നിലംപൊത്തി. ഇന്ത്യയിൽ ടാറ്റാ മോട്ടോഴ്സ്, വാഹനഘടക നിർമാണക്കമ്പനികളായ സോന ബിഎൽഡബ്ല്യു, സംവർധന മദേഴ്സൺ, ഭാരത് ഫോർജ്, മദേഴ്സൺ സുമി തുടങ്ങിയവയുടെ ഓഹരികൾ 8 ശതമാനം വരെ ഇടിഞ്ഞു. രാജ്യാന്തര തലത്തിൽ പ്രമുഖ കമ്പനികളായ ടൊയോട്ട 3.5%, ഹോണ്ട 3.1%, നിസാൻ 2.5%, ഹ്യുണ്ടായ് 2.7%, മിത്സുബിഷി 4.5%, മാസ്ദ 5.9% എന്നിങ്ങനെയും വീണു. യുഎസ് കമ്പനികളായ ഫോഡ്, ജനറൽ മോട്ടോഴ്സ് (ഷെവർലെ നിർമാതാക്കൾ), സ്റ്റെല്ലാന്റിസ് എൻവി ഓഹരികളും നഷ്ടത്തിലായി.
Source link