KERALAM

നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സിൽവർ ലൈനിന് അനുമതി ലഭിക്കും? അനുകൂല ഘടകങ്ങൾ നിരവധി

എം.എച്ച്. വിഷ്‌ണു | Thursday 27 March, 2025 | 4:23 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചതുപോലെ രാഷ്ട്രീയ സമവായത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള വഴി തെളിയുകയാണിപ്പോൾ. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മരവിപ്പിച്ച സിൽവർലൈനിന് പകരം ഇ. ശ്രീധരൻ മുന്നോട്ടുവച്ച സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കേന്ദ്രത്തിന്റെ മനസിലിരുപ്പറിയാൻ കാത്തിരിക്കുകയാണ് സർക്കാർ. ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്. അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുകയാണ്. കേന്ദ്രനിലപാടറിഞ്ഞശേഷം ശ്രീധരന്റെ നിർദ്ദേശം പദ്ധതി രൂപത്തിലാക്കി കേന്ദ്രത്തിലയയ്ക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുൻപ് ബദൽപ്പാതയ്ക്ക് അനുമതി നേടിയെടുക്കാനുള്ള നീക്കം തകൃതിയാണ്.

വന്ദേഭാരത് വന്നതോടെ അതിവേഗ റെയിൽയാത്രയ്ക്ക് പ്രിയമേറിയതും കേരളത്തിന്റെ വികസനത്തിന് വേഗറെയിൽ ആവശ്യമാണെന്നതും അനുകൂല ഘടകങ്ങളാണ്. പദ്ധതിയെ ശക്തമായി എതിർക്കുന്ന റെയിൽവേയെ മെരുക്കാനാണ് മെട്രോമാൻ ഇ. ശ്രീധരന്റെ സഹായത്തോടെ സർക്കാർ ശ്രമിക്കുന്നത്. ഭൂമിയേറ്റെടുപ്പിലെ എതിർപ്പ് കുറയ്ക്കാൻ കൂടുതൽ ദൂരം തൂണുകൾക്ക് മുകളിലൂടെയാക്കും. ഇരുപത് മിനിറ്റിടവിട്ട് തിരുവനന്തപുരം- കാസർകോട് റൂട്ടിൽ 200കിലോമീറ്റർ വേഗമുള്ള ട്രെയിനുകളോടിക്കാനുള്ളതായിരുന്നു സിൽവർ ലൈൻ. പാരിസ്ഥിതിക, സാങ്കേതിക പ്രശ്നങ്ങളുന്നയിച്ച് കേന്ദ്രം അനുമതി നൽകിയില്ല.

ഭൂമിയേറ്റെടുപ്പ് കുറച്ച് തൂണുകളിലും തുരങ്കങ്ങളിലൂടെയുമുള്ളതാണ് ശ്രീധരന്റെ തിരുവനന്തപുരം- കണ്ണൂർ ബദൽപാത. സിൽവർ ലൈനിന്റേതു പോലെ സ്റ്റാൻഡേർഡ് ഗേജിൽ 200കിലോമീറ്റർ വേഗത്തിലാണിതും. 30കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുകളുണ്ട്. സിൽവർ ലൈനിലിത് 50കിലോ മീറ്ററായിരുന്നു.

നിലവിലുള്ള റെയിൽപ്പാതകൾക്ക് അരികിലൂടെ 160കി.മീ വേഗതയുള്ള രണ്ട് ലൈനുകൾ പുതുതായി അനുവദിക്കാമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. ഇതിനെ എതിർക്കുന്ന സർക്കാർ റെയിൽവേ ഭൂമി വിട്ടുനൽകിയില്ലെങ്കിൽ അലൈൻമെന്റ് മാറ്റാമെന്നും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ശ്രീധരന്റെ ബദൽ പദ്ധതി വന്നത്. രണ്ടുപേജുള്ള പദ്ധതി രേഖയാണ് ശ്രീധരൻ സർക്കാരിന് നൽകിയത്. പ്രധാനമന്ത്രി മോദിയുമായടക്കം ഉറ്റബന്ധമുള്ള ശ്രീധരനെ ഉപയോഗിച്ച് ബദൽ പദ്ധതിക്ക് അനുമതി നേടാനാണ് സർക്കാരിന്റെ ശ്രമം. ഡി.എം.ആർ.സിയെ നിർമ്മാണചുമതലയേൽപ്പിക്കണമെന്നാണ് ശ്രീധരന്റെ ആവശ്യം. പുതിയ പദ്ധതിരേഖയും അവരാവും തയ്യാറാക്കുക. ഉപകരാർ നൽകുന്നതാണ് ഡി.എം.ആർ.സിയുടെ രീതിയെന്നതിനാൽ കെ-റെയിൽ കോർപറേഷന് കരാർ ലഭിക്കാനുമിടയുണ്ട്.

മുൻ റെയിൽവേ മന്ത്രിയും കേന്ദ്ര വ്യവസായ-വാണിജ്യ മന്ത്രിയുമായ പീയുഷ്‌ ഗോയൽ, സിൽവർലൈൻ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത് രാഷ്ട്രീയ തീരുമാനം വരുമെന്നതിന്റെ സൂചനയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ള ഇ. ശ്രീധരനെ ഉപയോഗിച്ച് അനുമതി നേടിയെടുക്കാനാണ് സർക്കാർ ശ്രമം. പ്രളയ ഭീഷണിയടക്കം ഒഴിവാക്കാൻ റെയിൽപ്പാത കൂടുതലും തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയും കടന്നുപോവുന്നതാക്കും. ഇതിന് ചെലവ് ഒരുലക്ഷം കോടിയാവും.

അതേസമയം, സിൽവർലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിന്ന് മാറ്റി, നിലവിലെ റെയിൽവേ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജിൽ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് റെയിൽവേ. ഇപ്പോഴുള്ള ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മീ വേഗമുള്ള രണ്ട് ലൈനുകൾക്കായി സിൽവർ ലൈനിന്റെ ഡി.പി.ആർ മാറ്റാനാണ് റെയിൽവേയുടെ നിർദ്ദേശം. എന്നാൽ വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളുമോടിക്കാവുന്ന രണ്ട് ലൈനുകൾ അനുവദിക്കാമെന്നാണ് ദക്ഷിണ റെയിൽവേയുടെ നിലപാട്. സിൽവർ ലൈൻ ട്രാക്കിലൂടെ അതിവേഗ ചരക്കു ട്രെയിനുകളും ഓടിക്കാനാവില്ലെന്നാണ് കെ-റെയിൽ നിലപാട്. ഡൽഹി- കൊൽക്കത്ത റൂട്ടിൽ ചരക്ക് ട്രെയിനുകൾക്കായി മാത്രമുള്ള വേഗപ്പാതയുണ്ട്. ഇത് ഭാഗികമായി കമ്മിഷൻ ചെയ്തു. ഇത് അതിവേഗ ചരക്ക് ട്രെയിനുകൾക്ക് മാത്രമല്ള ഇടനാഴിയാണ്. ഗുഡ്സും അതിവേഗ ട്രെയിനുകളും ഒരേ പാതയിലോടിക്കുക അസാദ്ധ്യമാണ്- കെറെയിൽ പറയുന്നു.

ഉടക്ക് ട്രാക്കിലും സ്പീഡിലും

1)സിൽവർലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിന്നുമാറ്റി, സാധാരണ ലൈനുകളുടേതു പോലെ ബ്രോഡ്ഗേജിലാക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം. ഇതിലൂടെ വന്ദേഭാരതും ഗുഡ്‌സ് ട്രെയിനുകളുമോടിക്കാം. ബുള്ളറ്റ് ട്രെയിൻ ട്രാക്കൊഴികെയുള്ളതെല്ലാം ബ്രോഡ്‌ഗേജിലാവണമെന്ന് റെയിൽവേ നയം.

2)നിലവിലെ ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മി വേഗതയുള്ള രണ്ട് ലൈനുകളാവാം. 180കിലോമീറ്ററിലധികം വേഗംപറ്റില്ല. സിൽവർ ലൈനിന് പരമാവധി 220കി.മിയാണ് വേഗം. നിലവിലെ ലൈനുകളിൽ 50കി.മി ഇടവിട്ട് കണക്ഷനുണ്ടാവണം.

രാജ്യമാകെ വേഗപ്പാതകൾ

 ഡൽഹി-മീററ്റ്. പകുതിദൂരം 180കിലോമീറ്റർ വേഗത

 മുംബയ്-അഹമ്മദാബാദ്- 350കി.മി വേഗത

 ഡൽഹി-ആൾവാർ (രാജസ്ഥാൻ) 180കി.മി വേഗപ്പാത

 15അതിവേഗ, സെമിഹൈസ്പീഡ് പാത പരിഗണനയിൽ


Source link

Related Articles

Back to top button