കോടികൾ എത്തിച്ചത് തുഷാറിന്റെ ഹോട്ടൽ ഭൂമി വാങ്ങാനോ; പൊലീസ് അറിയാത്ത ഇ.ഡിയുടെ പുത്തൻ കണ്ടെത്തൽ!

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തലവേദനയായിരുന്ന കൊടകര കുഴൽപണക്കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കണ്ട് അന്തംവിട്ടിരിക്കുകയാണ് കേസ് അന്വേഷിച്ച കേരള പൊലീസ്. ഇതേ കേസ് തന്നെയാണോ പൊലീസിന്റെ പ്രത്യേക സംഘം ഏറെ പണിപ്പെട്ട് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സംശയിക്കുന്നത്. കേരളത്തിലേക്ക് എത്തിച്ച കോടികളുടെ ഉറവിടം കർണാടകയിലെ ബിജെപി നേതാക്കളെ ദേശീയ നേതാക്കളുമായി അടുപ്പിക്കുന്ന ‘ചാനൽ’ എന്നു വിശേഷണമുള്ള ഉന്നത ബിജെപി നേതാവ് ലഹർ സിങ് സിരോയ ആണെന്നു പ്രതികൾ മൊഴി നൽകിയതുൾപ്പെടെ പൊലീസ് നൽകിയ റിപ്പോർട്ട് കണ്ട ഭാവം പോലും വയ്ക്കാതെയാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വിദൂരമായി പോലും പരിഗണനയിൽ വരാതിരുന്ന ഹോട്ടൽ ഭൂമി കച്ചവടത്തിന്റെ കഥയാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ‘ട്രാവൻകൂർ പാലസ്’ എന്ന ഹോട്ടലിന്റെ ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാനാണ് കോഴിക്കോട് സ്വദേശി ധർമരാജൻ ഡ്രൈവർ ഷാംജിറിന്റെ കൈവശം പണം കൊടുത്തുവിട്ടതെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നത്. കാറിൽ കൊടുത്തുവിട്ട 3.56 കോടി രൂപ പ്രതികൾ മോഷ്ടിക്കുകയായിരുന്നുവെന്നും ഇ.ഡി പറയുന്നു. പൊലീസിന്റെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ പോലും ഇത്തരമൊരു കാര്യം ഉയർന്നുവന്നിരുന്നില്ലെന്നും ആരും അത്തരത്തിൽ മൊഴി നൽകിയിട്ടില്ലെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, ധർമരാജനുമായി ഏതെങ്കിലും തരത്തിൽ ബിസിനസ് ചർച്ചകൾ നടത്തിയതായി തുഷാർ വെള്ളാപ്പള്ളി സ്ഥിരീകരിച്ചുവെന്ന് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നുമില്ല. ധർമരാജന് ഇത്രയും കോടികൾ എവിടെനിന്നാണു കിട്ടിയതെന്ന് അന്വേഷിച്ചാൽ തന്നെ കാര്യങ്ങൾ ഇവരുടെ കൈവിട്ടുപോകുമെന്നും അതുകൊണ്ടാണ് പുതിയ കഥ മെനയുന്നതെന്നും അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത പൂർണമായി തകർന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഭൂമി കച്ചവടത്തിന്റെ കഥയിലെ വിശ്വാസ്യത സംബന്ധിച്ച് തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് വരാനുള്ളത്.കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന എസിപി വി.കെ.രാജു 2021 ഓഗസ്റ്റ് രണ്ടിന് ഇ.ഡിയുടെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടർക്കു കൊടുത്ത റിപ്പോർട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ.സുരേന്ദ്രന്റെയും സംഘടനാ സെക്രട്ടറി എം.ഗണേഷിന്റെയും നിർദേശപ്രകാരം 41.40 കോടി രൂപ 2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകത്തിൽനിന്നു കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നതായി വിശദമായ ചോദ്യം ചെയ്യലിൽ ധർമരാജൻ പറഞ്ഞിരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതുൾപ്പെടെ ഒരു കാര്യങ്ങളും ഇ.ഡി മുഖവിലയ്ക്ക് എടുക്കാതെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
Source link