ആകാശത്തിരശീലയിലും ‘എമ്പുരാൻ’ ആവേശം; വിസ്മയമെഴുതി ഡ്രോൺ ഷോ,

കൊച്ചി∙ കൊച്ചിയുടെ സാന്ധ്യാകാശമൊരു കൂറ്റൻ വെള്ളിത്തിരയായി. അതിൽ, പറന്നുയർന്ന 250 ഡ്രോണുകളിൽനിന്നു തെളിഞ്ഞ വെളിച്ചത്തുള്ളികൾ ചേർന്ന് ലഹരിക്കെതിരെ ആഹ്വാനമായി. താഴെ ഭൂമിയിലപ്പോൾ സാഗർ എന്ന ജാക്കിയും പിന്നീട് അബ്രാം ഖുറേഷിയെന്ന സ്റ്റീഫൻ നെടുമ്പള്ളിയും പറഞ്ഞ, പല തലമുറകൾ ഏറ്റുപറഞ്ഞ ആ വാചകം മുഴങ്ങി: ‘നർകോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്!’. പിന്നെ ആകാശത്തിരശീലയിൽ ഡ്രോണുകൾ ഖുറേഷിയുടെയും സയീദ് മസൂദിന്റെയും മുഖം വരഞ്ഞു. ജെയിൻ യൂണിവേഴ്സിറ്റിയുടെ ക്യാംപസപ്പോൾ ആരാധകരുടെ ആരവങ്ങളലയടിക്കുന്ന ഒരു കൂറ്റൻ സിനിമാശാലയായി.എമ്പുരാൻ ടീമും മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്നു നടത്തുന്ന, ‘ലഹരിക്കെതിരെ ഒരുമിക്കൂ’ എന്ന, പത്തു ദിവസം നീണ്ട ലഹരി വിരുദ്ധ ക്യാംപെയ്നിനു സമാപനം കുറിച്ച് കൊച്ചി ഇൻഫോപാർക്കിലെ ജെയിൻ യൂണിവേഴ്സിറ്റിയിൽ നടന്ന ഡ്രോൺ ഷോയിലാണ് വിസ്മയക്കാഴ്ചയൊരുങ്ങിയത്.മോഹൻലാലും പൃഥ്വിരാജും ഇന്ദ്രജിത്തും മഞ്ജുവാരിയരും ടൊവിനോ തോമസും ആന്റണി പെരുമ്പാവൂരും ഉൾപ്പെടെ എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകരും മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മലയാള മനോരമ കോട്ടയം ചീഫ് ന്യൂസ് എഡിറ്റർ വിനോദ് നായർ, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ, ശ്രീ ഗോകുലം പ്രൊഡക്‌ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ജെയിൻ യൂണിവേഴ്സിറ്റി ഓപ്പറേഷൻസ് ഹെഡ് സുബി കുര്യൻ, പ്രോ വൈസ് ചാൻസലർ ഡോ. ജെ. ലത തുടങ്ങിയവരും അതിനു സാക്ഷികളായി.
Source link