ശബരിമല നട തുറന്നു: സുഖദർശനം

ശബരിമല: മീനമാസ പൂജകൾക്കായി നട തുറന്ന ഇന്നലെ ശബരിമലയിൽ ഭക്തർക്ക് സുഖദർശനം. ദർശനത്തിന് ദേവസ്വം ബോർഡ് ആവിഷ്കരിച്ച പുതിയ സംവിധാനം ഇന്നലെ മുതൽ നടപ്പിലായി. പതിനെട്ടാംപടി കയറിയെത്തുന്നവരെ ഫ്ലൈ ഓവറിലേക്ക് കടത്തിവിടാതെ കൊടിമരത്തിനും ബലിക്കൽ മണ്ഡപത്തിനും ഇരുവശങ്ങളിലൂടെ തിരുമുമ്പിലേക്ക് നേരെ കടത്തി വിടുകയാണിപ്പോൾ.
30 മുതൽ 50 സെക്കന്റു വരെ തീർത്ഥാടകർക്ക് ദർശനം ലഭിച്ചു. പുതിയ സംവിധാനത്തിലൂടെ തിരക്ക് നിയന്ത്രിക്കാനും കഴിഞ്ഞു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിച്ച ശേഷമാണ് ഭക്തരെ പടി കയറാൻ അനുവദിച്ചത്. . നട തുറന്നപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. അജികുമാർ, സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ, എ.ഡി.ജി.പി എസ്. ശ്രീജിത്ത് എന്നിവർ സോപാനത്ത് സന്നിഹിതരായിരുന്നു. ഇന്ന് പുലർച്ചെ 5ന് നടതുറന്ന് മീനമാസ പൂജകൾ ആരംഭിക്കും. പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും.
Source link