ജഗൻ തട്ടിയകറ്റി, നായിഡു ചേർത്തുപിടിച്ചു; ലുലുവിന് ഭൂമി അനുവദിച്ച് ആന്ധ്ര, വിശാഖപട്ടണത്ത് ഉയരുന്നത് വമ്പൻ പദ്ധതികൾ

ഒരിക്കൽ 2,300 കോടിയിലേറെ രൂപ മതിക്കുന്ന പദ്ധതികൾക്ക് തറക്കല്ലിട്ടശേഷം പിൻവാങ്ങേണ്ടി വന്ന ആന്ധ്രാപ്രദേശിലേക്ക് വമ്പൻ പദ്ധതികളുമായി ലുലു ഗ്രൂപ്പ് മടങ്ങിയെത്തുന്നു. മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ പ്രതികൂല നിലപാടു മൂലമായിരുന്നു നേരത്തേ ലുലുവിന് ആന്ധ്രയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത്. എന്നാൽ, വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ചന്ദ്രബാബു നായിഡു മുൻകൈ എടുത്ത് ലുലു ഗ്രൂപ്പിനെ വീണ്ടും ആന്ധ്രയിൽ തിരിച്ചെത്തിച്ചിരിക്കുകയാണ്.വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡൽ) നിർമിക്കുന്ന വമ്പൻ ഷോപ്പിങ് മാളിനായി ലുലു ഗ്രൂപ്പിന് 13.43 ഏക്കർ ഭൂമി അനുവദിച്ച് ആന്ധ്ര സർക്കാർ ഉത്തരവിറക്കി. വിശാഖപട്ടണം ബീച്ച് റോഡിലെ ഹാർബർ പാർക്കിൽ 99 വർഷത്തെ പാട്ടത്തിനാണ് ഭൂമി അനുവദിച്ചത്. നേരത്തെ, 2014 മുതൽ 2019 വരെ നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തുറമുഖ, വ്യവസായ നഗരമായ വിശാഖപട്ടണത്ത് 2,300 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ വൻ പദ്ധതികൾക്ക് ലുലു ഗ്രൂപ്പ് തയ്യാറെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ, രാജ്യാന്തര കൺവെൻഷൻ സെന്‍റർ എന്നിവയായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. ഇതിനായി 14 ഏക്കറോളം സ്ഥലം ലുലു ഗ്രൂപ്പിന് നൽകാനും ചന്ദ്രബാബു നായിഡു സർക്കാർ തീരുമാനിച്ചിരുന്നു.
Source link