തിരുവനന്തപുരം : ഗവർണർക്കൊപ്പം ഡൽഹിയിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ കണ്ടതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ വിമർശനത്തിന് നിയമസഭയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഗവർണർ ഇട്ട പാലത്തിൽ കൂടി അങ്ങോട്ടു പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ടുപേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം ആണെന്നാണ് ചെന്നിത്തല പറയുന്നത്. എം.പിമാർക്ക് വിരുന്നു നൽകാനാണ് ഗവർണർ പോയത്. ഞാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ടായിരുന്നു. വിമാനത്തിൽ ഒരുമിച്ചായിരുന്നു യാത്ര. വിരുന്നിന് വരാൻ ഗവർണർ വീണ്ടും ക്ഷണിച്ചു. എം.പിമാരുടെ പരിപാടിയിൽ ഞാനും പങ്കെടുത്തു. അവിടെവച്ച് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഭാതഭക്ഷണത്തിനു വരുമെന്നു പറഞ്ഞ് ഗവർണറെ കൂടി വിളിച്ചതാണ്. അദ്ദേഹം സമ്മതിച്ചു. രാവിലെ തന്നെ വരികയായിരുന്നു. അല്ലാതെ ഗവർണർ ഇട്ട പാലത്തിൽ കൂടി ഞാൻ അങ്ങോട്ട് പോയതല്ല.”– മുഖ്യമന്ത്രി വ്യക്തമാക്കി.
എനിക്കും ഗവർണർക്കും ധനമന്ത്രിക്കും സ്വന്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങൾ കണ്ടാൽ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങൾ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നുമല്ല പോയത്. തീർത്തും സൗഹാർദപരമായിരുന്നു ചർച്ച. അതു വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ആയിരുന്നു.”– മുഖ്യമന്ത്രി പറഞ്ഞു.
Source link