‘വസ്ത്രം മാറി, ഷൂ മാറാൻ മറന്നു’: ബലൂചിസ്ഥാനിൽനിന്ന് മുംബൈയിലേക്ക്, പൊലീസിനെ കല്ലെറിഞ്ഞ് ഓടിക്കും, ആരാണ് ‘ഇറാനി’ ഗ്യാങ്?

ചെന്നൈ∙ രാജ്യം മുഴുവൻ സാന്നിധ്യം, ആളുകളുടെ ശ്രദ്ധ തിരിച്ചുള്ള മോഷണത്തിൽ വിദഗ്ധർ, കേന്ദ്രം മഹാരാഷ്ട്ര– ചെന്നൈയിലെ മോഷണ പരമ്പരയോടെ, കുപ്രസിദ്ധ മോഷണ സംഘമായ ഇറാനി ഗ്യാങ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. മാല പൊട്ടിച്ചെടുക്കലും ബൈക്ക് മോഷണവുമാണ് സംഘത്തിന്റെ പ്രധാന പരിപാടി. ‘‘തുടർച്ചയായ മോഷണം നടത്തിയശേഷം മാസങ്ങളോളം സംഘാംഗങ്ങൾ അപ്രത്യക്ഷരാകും. അന്വേഷണം നിലയ്ക്കുമ്പോൾ വീണ്ടും മറ്റൊരു സ്ഥലത്ത് മോഷണ പരമ്പരയുമായി രംഗത്തെത്തും. മഹാരാഷ്ട്രയാണ് സ്വദേശമെങ്കിലും സംഘത്തിന് രാജ്യത്തെങ്ങും ശൃംഖലകളുണ്ട്’’– പൊലീസ് പറയുന്നു. ചെന്നൈയിൽ രാവിലെ നടക്കാനിറങ്ങിയവരെയാണ് സംഘം ലക്ഷ്യമിട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വടക്കേ ഇന്ത്യൻ സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. മോഷണത്തിനുശേഷം വസ്ത്രം മാറിയാണ് സംഘം രക്ഷപ്പെട്ടത്. എന്നാൽ ധരിച്ചിരുന്ന ഷൂസുകൾ മാറ്റാത്തത് പൊലീസിനെ അന്വേഷണത്തിൽ സഹായിച്ചു. വിശദമായ അന്വേഷണത്തിലാണ് ഇറാനി സംഘമാണെന്ന് മനസ്സിലായത്.മുംബൈയിലെ കല്യാണിലാണ് ഇറാനി ഗ്യാങിന്റെ താവളം. ഇവിടെയുള്ള ചേരികളിൽ നിന്നു ക്രിമിനലുകളെ പിടികൂടാൻ പൊലീസ് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് ദൗത്യങ്ങൾ വിജയിച്ചിരുന്നില്ല. 40 വർഷങ്ങൾക്ക് മുൻപ് ബലൂചിസ്ഥാൻ അതിർത്തിയിൽനിന്ന് മുംബൈയിലേക്ക് എത്തിയവരുടെ പിൻതലമുറക്കാരാണ് ഇറാനി ഗ്യാങിലുള്ളത്. ചെറുകിട കച്ചവടങ്ങളായിരുന്നു തൊഴിൽ. രണ്ടായിരത്തിനുേശഷം പലരും ക്രിമിനൽ കേസുകളിൽ പ്രതികളായി. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസിനെ ഇറാനി ഗ്യാങ് പലതവണ ആക്രമിച്ചിട്ടുണ്ട്. 2024 ഡിസംബർ നാലിന് മാലമോഷണക്കേസ് അന്വേഷിക്കാമെത്തിയ രണ്ട് പൊലീസുകാരെ മുംബൈ റെയില്‍േവ സ്റ്റേഷനിൽ സംഘം ആക്രമിച്ച് ഗുരുതരമായി പരുക്കേൽപിച്ചു.
Source link