INDIALATEST NEWS

പരസ്പര താൽപര്യങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യം നൽകി പ്രവർത്തിക്കണം’: മുഹമ്മദ് യൂനുസിനു കത്തയച്ച് മോദി


ന്യൂഡൽഹി∙ ബംഗ്ലദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ച് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനു കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകൾ അറിയിച്ച മോദി, പരസ്പര താൽപര്യങ്ങൾക്കും ആശങ്കകൾക്കും പ്രാധാന്യം നൽകികൊണ്ടു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു കത്തിൽ വ്യക്തമാക്കി. യൂനുസ് ചുമതലയേറ്റതിനു ശേഷം ആദ്യമായി ഇരുനേതാക്കളും ഒരുമിച്ച് തായ്‌ലൻഡിലെ ബിംസ്റ്റെക് ഉച്ചക്കോടിയിൽ പങ്കെടുക്കാനിരിക്കെയാണ് ‌നടപടി.  ‘‘നമ്മുടെ ഉഭയകക്ഷി പങ്കാളിത്തത്തിന് അടിത്തറയിട്ട പങ്കാളിത്ത ചരിത്രത്തിന്റെയും ത്യാഗങ്ങളുടെയും സാക്ഷ്യമാണ് ദേശീയ ദിനം. ബംഗ്ലദേശിന്റെ വിമോചന യുദ്ധം നമ്മുടെ ബന്ധത്തിന്റെ വഴികാട്ടിയായി തുടരുന്നു. അത് പല മേഖലകളെയും അഭിവൃദ്ധിപ്പെടുത്തുകയും ജനങ്ങൾക്ക് ഗുണകരമാവുകയും ചെയ്തു. സമാധാനം, സ്ഥിരത, സമൃദ്ധി തുടങ്ങിയ പൊതു ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായ പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’’ – മോദി പറഞ്ഞു. ഏപ്രിൽ 3-4 തീയതികളിലായി ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുക്കും. ബംഗ്ലദേശ് ഉഭയകക്ഷി കൂടിക്കാഴ്‌ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഷയം പരിഗണനയിലാണെന്ന് വിദേശകാര്യ മന്ത്രി എസ്.‌ജയശങ്കർ വ്യക്തമാക്കിയിരുന്നു‌. ബംഗ്ലദേശിന് പിന്തുണ അറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവും രാഷ്ട്രപതി മുഹമ്മദ് ഷഹാബുദ്ദീനും കത്തെഴുതി. 


Source link

Related Articles

Back to top button