പുതിയ പാന്പൻ പാലം ഏപ്രിൽ ആറിന് പ്രധാനമന്ത്രി നാടിനു സമർപ്പിക്കും

ചെന്നൈ: രാമേശ്വരം ദ്വീപിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ പാന്പൻ പാലം അടുത്തമാസം ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാമേശ്വരത്തെ അതിപുരാതനമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ എത്തുന്ന പ്രധാനമന്ത്രി പുതിയ പാലത്തിന്റെ ഉദ്ഘാടനവും നിർമിക്കുമെന്ന് സതേൺ റെയിൽവേ മാനേജർ ആർ.എൻ. സിംഗ് അറിയിച്ചു. പുതിയ പാലത്തിന്റെ സുരക്ഷാപരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണ്. രാമേശ്വരം റെയിൽവേ സ്റ്റേഷന്റെ നവീകരണവും അതിദ്രുതം മുന്നേറുന്നതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്നതാണ് പുതിയ റെയില്‍പ്പാലം. 1914ല്‍ നിർമിച്ച ഉരുക്കുപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായതോടെ പുതിയ പാലം നിർമിക്കുകയായിരുന്നു. സമുദ്രനിരപ്പില്‍നിന്ന് ആറ് മീറ്റര്‍ ഉയരത്തിലുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈര്‍ഘ്യം.
കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരു ഭാഗം മുകളിലേക്ക് ഉയരുന്ന രീതിയിലാണു നിർമാണം. ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് ഇതു തുറക്കാന്‍ മൂന്നു മിനിറ്റും അടയ്ക്കാന്‍ രണ്ടു മിനിറ്റും മതി. പഴയ പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം 2022 ഡിസംബറിൽ അവസാനിപ്പിച്ചിരുന്നു. അടുത്തമാസം ആദ്യം ദ്വിദിന സന്ദർശനത്തിനു പ്രധാനമന്ത്രി ശ്രീലങ്കയിലേക്കു പോകും. 4, 5 തീയതികളിൽ ലങ്കയിൽ തുടരുന്ന പ്രധാനമന്ത്രി പിറ്റേന്ന് കൊളംബോയിൽനിന്ന് പാന്പനിൽ എത്തും. തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങി പ്രമുഖർ പങ്കെടുക്കും. ഉദ്ഘാടനത്തിനുശേഷം മധുര വിമാനത്താവളത്തിൽനിന്ന് പ്രധാനമന്ത്രി ഡൽഹിയിലേക്കു തിരിക്കും.
Source link