KERALAMLATEST NEWS

ആചാരപരിഷ്കരണം നടപ്പാക്കിയ ക്ഷേത്ര ഭാരവാഹികളെ ശിവഗിരി മഠം അഭിനന്ദിച്ചു

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സങ്കല്പ പ്രകാരമുള്ള വൈദിക പാരമ്പര്യം ഉൾക്കൊണ്ട് ശിവഗിരി മഠത്തിന്റെ നിർദ്ദേശം സ്വീകരിച്ച് ആചാര പരിഷ്കരണം നിർവഹിച്ച വിവിധ ക്ഷേത്രങ്ങളുടെ ഭാരവാഹികളെ ശിവഗിരി മഠം പ്രത്യേകം അഭിനന്ദിക്കുന്നതായി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു.

ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം, ചെറായി ഗൗരീശ്വരം ക്ഷേത്രം, നെയ്യാറ്റിൻകര അരുമാനൂർ നയിനാർ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങൾ മഠത്തിന്റെ തീരുമാനം നടപ്പിലാക്കി. ചെറായി ഗൗരീശ്വരം ക്ഷേത്രത്തിൽ ഗുരുധർമ്മ പ്രചാരണ സഭയുടെ പ്രവർത്തകരെ ഉൾപ്പെടുത്തി ബഹുജന ചടങ്ങ് സംഘടിപ്പിച്ചാണ് ഷർട്ട് ഇട്ടു കൊണ്ടുള്ള പ്രവേശനം സംഘടിപ്പിച്ചത്. പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രം, കുമ്പളം ലക്ഷ്മീ നാരായണ ക്ഷേത്രം, കക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളിലും ഈ മാതൃക കാട്ടിയെങ്കിലും ചില ക്ഷേത്ര ഭാരവാഹികൾ പഴയ മാമൂൽ വിശ്വാസത്തെ മുറുകെ പിടിച്ചിരിക്കുന്നതിൽ ഖേദമുണ്ട്.

ദേവസ്വം ബോർഡിന്റെ കീഴിലുള്ള റാന്നിയിലെ പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ കൂട്ടായി കയറി ക്ഷേത്രദർശനം നടത്തിയത് അഭിനന്ദനീയമാണ്. രാജ്യമൊട്ടാകെ ക്ഷേത്രവിശ്വാസികൾ ഈ മാതൃക ഏറ്റെടുക്കണമെന്ന് ശിവഗിരി മഠം അഭ്യർത്ഥിക്കുന്നു. ഷർട്ടിട്ടു കയറുക മാത്രമല്ല, ആനയും വെടിക്കെട്ടും ഒഴിവാക്കുക, പൈജാമയ്ക്ക് പുറമേ പലരും ഉപയോഗിച്ച മുണ്ടു കൂടി പൈസ കൊടുത്തു ധരിക്കണമെന്നതും ഉടുത്ത് കയറണമെന്നുള്ള വ്യവസ്ഥയും പ്രാകൃതമാണ്. ക്ഷേത്രവിശ്വാസവും അനുഷ്ഠാനവും ആത്മ വിശുദ്ധിക്കും ഈശ്വരാനുഗ്രഹത്തിനും സംഘശക്തി നേടാനുമുള്ളതുമാണ്. അത് ഏത് ക്ഷേത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള സമാരാധനകൊണ്ടും സംലഭ്യമാണെന്നും സ്വാമി സച്ചിദാനന്ദ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളുടെ ആസ്ഥാനങ്ങളിലേക്ക് ആചാരപരിഷ്കരണയാത്രയും ജാതിവിവേചനം വച്ചുപുലർത്തുന്ന കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് ജാതിനാശിനി യാത്രയും ഗുരുധർമ്മപ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്നു. ഗുരുദേവൻ ഉപദേശിച്ച മാതൃക പിന്തുടരാൻ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ട്രഷറർ സ്വാമി ശാരദാനന്ദയും അഭ്യർത്ഥിച്ചു.


Source link

Related Articles

Back to top button