KERALAM

വിദേശപഠനത്തിന് മലയാളികളുടെ ഒഴുക്ക്: കാരണം പഠിക്കണമെന്ന് ഗവർണർ ആർലേക്കർ

തിരുവനന്തപുരം: ഉന്നത പഠനത്തിന് വിദ്യാർത്ഥികൾ പുറത്തേക്ക് ഒഴുകുന്നതിനെക്കുറിച്ച് പഠിച്ച് കാരണം കണ്ടെത്തണമെന്ന് ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ പറഞ്ഞു. കേരള സർവകലാശാലാ സെനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ വിദ്യാഭ്യാസമാണ് ഇപ്പോഴും തുടരുന്നത്. ജോലിക്കാരെ സൃഷ്ടിക്കുകയാണ് അതിന്റെ അടിസ്ഥാനം. തൊഴിൽ നൽകുന്ന മാസ്റ്രേഴ്സിനെ സൃഷ്ടിക്കുന്നതായിരുന്നു ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം. അത് മാറ്റിമറിക്കപ്പെട്ടു. ഉന്നത ബിരുദം നേടിയവരും തൊഴിൽതേടി നടക്കുകയാണ്. സ്വന്തമായി സംരംഭങ്ങളും സ്ഥാപനങ്ങളും തുടങ്ങാൻ പ്രോത്സാഹിപ്പിക്കണം. അങ്ങനെയായാൽ കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെത്തന്നെ നിൽക്കും. നാടിന് വികസനവുമുണ്ടാവും. സംരംഭകത്വവും സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കണം. കുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ കഴിവുള്ളവരാക്കണം. വിദേശത്തെ വിദ്യാഭ്യാസം ഈ രീതിയിലുള്ളതാണ്. ഇതാണ് പുതിയ കേന്ദ്രവിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനം.

ലഹരിക്കെതിരായ യുദ്ധം ശക്തമാക്കണം. ബോധവത്കരണം കൂട്ടണം. വിവിധ ഏജൻസികൾ ഒരുമിച്ച് നിന്ന് ലഹരിയുടെ ഡിമാൻഡ് കുറയ്ക്കണം. രക്ഷിതാക്കൾ കുട്ടികളെ ഒപ്പം കൂട്ടുകയും അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം. കേരള സർവകലാശാലാ വി.സി ഡോ.മോഹനൻ കുന്നുമ്മേലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ പരിപാടി എല്ലാ സർവകലാശാലകളിലും നടപ്പാക്കുമെന്നും ഗവർണർ പറഞ്ഞു.

എല്ലാവർക്കും നമ്പർ

നൽകി ഗവർണർ

സെനറ്റ് അംഗങ്ങൾക്കെല്ലാം ഫോൺ നമ്പർ നൽകി തന്നെ എപ്പോൾ വേണമെങ്കിലും നേരിട്ട് വിളിക്കാമെന്ന് ഗവർണർ പറഞ്ഞു. എന്ത് പ്രശ്നമുണ്ടെങ്കിലും തന്നെ അറിയിക്കാം. രാജ്ഭവനിൽ വരാം. ചായ കുടിച്ച് സംസാരിക്കാം. ഇനിയും യൂണിവേഴ്സിറ്റിയിൽ വരും. അന്ന് സെനറ്റംഗങ്ങളുമായി സംവദിക്കാം. ബീഹാറിൽ ഗവർണറായിരിക്കെ സർവകലാശാലകളിൽ ഇടയ്ക്കിടെ പോവുമായിരുന്നു. ആദ്യം പോയപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. പിന്നീട് ബീഹാർ നിയമസഭ തന്നെ അഭിനന്ദിച്ച് പ്രമേയം പാസാക്കി. ബഡ്ജറ്റിന്റെ പകർപ്പ് അയച്ചു കൊടുക്കാനും ഗവർണർ വി.സിയോട് ആവശ്യപ്പെട്ടു. രജിസ്ട്രാറും ഉദ്യോഗസ്ഥരുമായും ഗവർണർ കൂടിക്കാഴ്ച നടത്തി.


Source link

Related Articles

Back to top button