സംഗീതനിശ തട്ടിപ്പ്:ഷാൻ റഹ്മാനെ ചോദ്യം ചെയ്യാൻ പൊലീസ്

കൊച്ചി: സംഗീതനിശയുമായി ബന്ധപ്പെട്ട് 38 ലക്ഷം രൂപ നൽകാതെ വഞ്ചിച്ചെന്ന കേസിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാനെ പൊലീസ് ചോദ്യംചെയ്യും. രണ്ടാഴ്ചയ്‌ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെ ഷാന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിട്ടുണ്ട്. ഇന്നോ നാളെയോ ഹാജരായേക്കും. ഒഴിഞ്ഞുമാറുന്ന സമീപനം തുടർന്നാൽ മുൻകൂർ ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു.
ജനുവരി 25ന് തേവര എസ്.എച്ച് ഗ്രൗണ്ടിൽ ഷാൻ റഹ്മാന്റെ ട്രൂപ്പായ ഇറ്റേണൽ റേ ‘ഉയിരേ’ എന്ന സംഗീത പരിപാടി നടത്തിയിരുന്നു. പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജുരാജിനെയാണ് സംഘാടന ചുമതല ഏല്പിച്ചത്. പരിപാടി കഴിഞ്ഞശേഷം പണം നൽകിയില്ലെന്ന് നിജു രാജിന്റെ പരാതിയിൽ പറയുന്നു. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് വിറ്റ തുകയിൽ നിന്ന് 38 ലക്ഷം രൂപ പ്രോഗ്രാം നടത്തിപ്പിന് നൽകാമെന്നായിരുന്നു വാക്കാലുള്ള കരാർ.
കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ സുഹൃത്തുക്കൾ മുഖേന ഷാൻ നടത്തുന്നതായി വിവരമുണ്ട്.
സംഗീതനിശയുമായി ബന്ധപ്പെട്ട് ഗതാഗത തടസമുണ്ടാക്കിയതിനും അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിനും ഷാൻ റഹ്മാനെതിരെ രണ്ട് കേസു കൂടി സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അടിസ്ഥാനരഹിതമെന്ന് ഷാൻ
ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. പരാതിക്കാരൻ മാദ്ധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. യഥാർത്ഥപ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണിത്. സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിജു രാജുമായി തർക്കമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.
Source link