മാലപൊട്ടിക്കൽ പരമ്പര: ഇറാനി കവർച്ചാ സംഘാംഗം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ചെന്നൈ ∙ മാലപൊട്ടിക്കൽ പരമ്പരയെത്തുടർന്ന് അറസ്റ്റിലായ കുപ്രസിദ്ധ ഇറാനി കവർച്ചാ സംഘത്തിലെ ഒരാൾ തെളിവെടുപ്പിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. പൊലീസിനു നേരെ വെടിയുതിർത്ത പുണെ ആംബിവ്‌ലി നിവാസി ജാഫർ ഗുലാം ഹുസൈൻ ഇറാനിയാണ് (28) വെടിയേറ്റ് മരിച്ചത്. ജാഫറും ഒപ്പം പിടിയിലായ മിസമും ധുസ്വാസം മേസം ഇറാനിയും തരമണി ഭാഗത്ത് ഉപേക്ഷിച്ചു കടന്ന ബൈക്കിനടുത്താണ് തെളിവെടുപ്പിനു കൊണ്ടുപോയത്. ഇതിനിടെ, ബൈക്കിൽനിന്നു തോക്കെടുത്ത് ജാഫർ പൊലീസിനു നേരെ വെടിവച്ചതായി സിറ്റി പൊലീസ് കമ്മിഷണർ എ.അരുൺ പറഞ്ഞു.സ്വയരക്ഷയ്ക്കാണു പൊലീസ് തിരികെ വെടിവച്ചതെന്നും നെഞ്ചിൽ വെടിയേറ്റ ജാഫർ ആശുപത്രിയിൽ മരിച്ചെന്നും വ്യക്തമാക്കി. ജാഫറിനെതിരെ മഹാരാഷ്ട്രയിൽ 150ലധികം കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് മുഴുവൻ സ്വർണവും വീണ്ടെടുത്തു. ഒരു വർഷത്തിനിടയിലെ നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്.
Source link