KERALAM

ആശ്രിത നിയമനത്തിന് ഏകീകൃത ലിസ്റ്റ്, ചുമതല പൊതുഭരണ വകുപ്പിന്, ഒഴിവുകൾ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സർവീസിലിരിക്കെ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് നിയമനം നൽകാൻ പൊതുഭരണ വകുപ്പ് ഏകീകൃത പട്ടിക തയ്യാറാക്കും. അപേക്ഷകരുടെ മുൻഗണനാക്രമം അനുസരിച്ച് അതിൽ നിന്നായിരിക്കും നിയമനം നൽകുന്നത്.നിലവിൽ ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പിൽ ഒഴിവുണ്ടായാൽ മാത്രമാണ് ആശ്രിതനിയമനം നൽകിയിരുന്നത്. ഇതിനു പകരമാണ് പൊതുലിസ്റ്റ് തയ്യാറാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.

സോഫ്ട് വെയറിന്റെ സഹായത്തോടെ പൊതുഭരണ (സർവീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാകും ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിക്കുക.

അപേക്ഷ കിട്ടുന്ന മുറയ്ക്ക് സീനിയോരിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റ്‌വെയറിൽ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകൾ എന്നിവ പ്രസിദ്ധീകരിക്കും. ഓരോ തസ്തികയ്ക്കും പ്രത്യേക സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കും. ഒന്നിലേറെ തസ്തികകളിലേക്ക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ ഓപ്റ്റഡ് തസ്തികകളുടെ എല്ലാ സീനിയോരിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉൾപ്പെടുത്തും. ഒരു സീനിയോരിറ്റി ലിസ്റ്റിൽ നിന്ന് ജോലി ലഭിച്ചു കഴിഞ്ഞവർ മറ്റ് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവയിൽനിന്ന് ഒഴിവാക്കും.

കോളജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ അർഹരല്ല. മരിച്ച ജീവനക്കാരന്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയെന്ന പരിധി തുടരും. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ നിയമനം നൽകും.


Source link

Related Articles

Back to top button