കേരള യൂണി. ബഡ്ജറ്റ് : ലഹരി ഉപയോഗം തടയാൻ എ.ഐ ഡ്രോണുകൾ , ലഹരിവിരുദ്ധ ക്യാമ്പസിന് അവാർഡ്

കോളേജുകളിൽ സൗഹൃദ ക്ലബുകൾ
തിരുവനന്തപുരം: ക്യാമ്പസുകളിലെ ലഹരി ഉപയോഗം കണ്ടെത്താൻ 40 ലക്ഷം രൂപ ചെലവിട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ഡ്രോണുകൾ വാങ്ങുമെന്ന് കേരള സർവകലാശാലാ ബഡ്ജറ്റിൽ പ്രഖ്യാപനം. വിദ്യാർത്ഥികളിലെ അക്രമവാസന തടയാൻ കോളേജുകളിൽ സൗഹൃദക്ലബുകൾ രൂപീകരിക്കും. ഇതിനായി 50ലക്ഷം നീക്കിവച്ചു. 844.42 കോടി രൂപ വരവും അത്രയും ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ ജി.മുരളീധരനാണ് അവതരിപ്പിച്ചത്.
ലഹരിവിരുദ്ധ ക്യാമ്പസുകൾക്ക് അവാർഡ് നൽകും. കാര്യവട്ടം ക്യാമ്പസിനെ അന്താരാഷ്ട്രനിലവാരത്തിലാക്കും. കൗൺസലിംഗ് സൈക്കോളജിയിലും മൈക്റോബിയൻ ജിനോമിക്സ് ആന്റ് ടെക്‌നോളജിയിലും പി.ജി കോഴ്സുകൾ തുടങ്ങും.
കടൽ മണൽ ഖനനത്തിന്റെ പാരിസ്ഥിതിക സാമൂഹ്യ സാമ്പത്തിക വശങ്ങളെപ്പറ്റി പഠിക്കും. ബ്രസ്റ്റ് ക്യാൻസർ കണ്ടെത്താനും ഗവേഷണത്തിനും ലബോറട്ടറി സ്ഥാപിക്കും. അയ്യൻകാളി ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ വിപുലീകരിക്കും. ഡോക്ടറേറ്റ് ബിരുദധാരികൾക്ക് ബിരുദദാനചടങ്ങ് നടത്തും. ചർച്ചകൾക്കു ശേഷം ബഡ്ജറ്റ് സെനറ്റ് അംഗീകരിച്ചു.
കാര്യവട്ടത്ത് മെൻസ് ഹോസ്റ്റൽ
കാര്യവട്ടം ക്യാമ്പസിൽ 200 ആൺകുട്ടികൾക്ക് താമസിക്കാൻ ഒരുകോടി മുടക്കി ഹോസ്റ്റൽ നിർമ്മിക്കും. തൈക്കാട് വനിതാ ഹോസ്റ്റലിലെ റിസർച്ച് ബ്ലോക്കിൽ ഒന്നാംനില പണിയുന്നതിനും എ.ഐ അധിഷ്ഠിത സ്മാർട്ട് വെർട്ടിക്കൽ ഫാമിംഗിനും പദ്ധതി. സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് നവീകരിക്കും. കൊല്ലം ജില്ലയിലെ ഭൂഗർഭജല സമ്പത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കും. സെനറ്റ്ഹൗസ് ക്യാമ്പസിലും കാര്യവട്ടത്തും ഇലക്ട്രിക് ചാർജ്ജിംഗ് യൂണിറ്റ് സ്ഥാപിക്കും.
ഓൺ സ്‌ക്രീൻ
വാല്യുവേഷൻ
നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഓൺ സ്‌ക്രീൻ വാല്യുവേഷൻ നടപ്പാക്കും. ഗവേഷണഫലങ്ങളെ പേറ്റന്റുകളാക്കാനും വ്യവസായസ്ഥാപനങ്ങളുമായി കൈമാറ്റം സുഗമമാക്കാനുമായി ടെക്‌നോളജി ട്രാൻസ്ഫർ സെൽ
അയ്യാവൈകുണ്ഠ സ്വാമികളുടെ നവോത്ഥാന ആശയങ്ങൾ പഠിപ്പിക്കാനായി സെന്റർ. മൂന്നുവർഷംകൊണ്ട് ഗവേഷണം പൂർത്തിയാക്കുന്നവർക്ക് പ്രതിമാസം 25,000രൂപ ഫെലോഷിപ്പ്.
Source link